ലോകത്ത് ഏറ്റവും കുനുഷ്ട് ബുദ്ധി ആർക്കെന്ന് പിഎസ്‌സിയോ ഏതെങ്കിലും ക്വിസ് മാസ്റ്റർമാരോ ചോദിച്ചാൽ ഉടനടി മറുപടി പറഞ്ഞേക്ക്, അത് കേരളം ഭരിക്കുന്ന പാർട്ടി നേതാക്കളുടെ ഗ്രാമങ്ങളിലും ജില്ലകളിലും ഒക്കെയുള്ളവർക്ക് ആണെന്ന്. 
ഇത്രേം നാൾ ലോകം മുഴുവൻ കരുതിയിരുന്നത് ഇസ്രയേലികൾക്കും അമേരിക്കക്കാർക്കും റഷ്യക്കാർക്കും ഒക്കെ ആണെന്നാണ്. ഇക്കഴിഞ്ഞ ഹമാസ് അക്രമണത്തോടെ ഇസ്രയേലിനും ഉക്രൈൻ യുദ്ധത്തോടെ റഷ്യക്കും സെപ്തംബർ പതിനൊന്നോടെ അമേരിക്കക്കും ആ പദവികൾ നഷ്ടമായിരിക്കുന്നു.
കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടികൾ  ഒളിവിൽ നിന്നും പിറവിയെടുത്തത് മുതൽ അവർ എന്നും എതിർത്തിരുന്നത് ഇന്ദിരാഗാന്ധിയെയും, സുപ്രീം കോടതിയെയും, റെയിൽവേയെയും കുത്തക ഭീമന്മാരെയും എന്തിനധികം പറയുന്നു ”മയോ ക്ലിനിക്ക് ” സ്ഥിതി ചെയ്യുന്ന അമേരിക്കയേയുമൊക്കെയാണ്.
ചെറുതിനെ ഒന്നും അവർ മൈൻഡ് ചെയ്യാറില്ല. ആകെ ലേശം കേരളത്തിലേ ഉള്ളൂവെങ്കിലും ആമസോൺ കാട്ടുതീയും ഇറാഖിലെ സദ്ദാമും ഒക്കെ അവരുടെ ആരാധനാ പാത്രങ്ങളായി.

കേരളം ഭരിക്കുന്ന പിണറായി വിജയനെ സംബന്ധിച്ചിടത്തോളം മോദിജിയെ പോലെത്തന്നെ തോൽവി എന്തെന്നറിയാതെ വിജയിച്ചുകൊണ്ടിരിക്കുന്ന ഒരു നേതാവ് തന്നെയാണ്. ബംഗാളിലേത് പോലെത്തന്നെ നശിച്ചു പോകേണ്ടിയിരുന്ന ഒരു പാർട്ടിയെ പൊക്കിയെടുത്ത് കൊണ്ടുപോകുന്നത് പിണറായി തന്നെ.

 കേന്ദ്രത്തിലെ കാരാട്ടിനും ബൃന്ദക്കും യെച്ചൂരിക്കും ഒക്കെ വണ്ടിക്ക് ഡീസൽ അടിക്കുവാൻ കാശ് കൊടുക്കുന്നത് കേരളത്തിൽ നിന്ന് തന്നെ . ബക്കറ്റ് പിരിച്ചും ആളുകളുടെ കഴുത്ത് ഞെരിച്ചും ഒക്കെ ഉണ്ടാക്കിയെടുക്കുന്ന ഫണ്ട് നിസ്സാരമൊന്നുമല്ല .
പിണറായിയുടെ ജീവിതത്തിലെ ആദ്യ തിരിച്ചടി ലാവലിൻ ആയിരുന്നുവെങ്കിലും അതദ്ദേഹം നീന്തി കടന്നു. പിന്നെ വന്ന സ്വർണവും ഡോളറും ഒന്നും കപ്പിത്താനെ കുലുക്കുവാനായില്ല. പക്ഷേ ക്യാപ്റ്റനെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് ഈ കരിങ്കൊടി പ്രയോഗങ്ങൾ.
പിണറായിയും കോടിയേരിയും ജയരാജന്മാരും വിഎസും ഇഎംഎസും ഒക്കെ രൂപം കൊടുത്ത ആ കലാപരിപാടിയിൽ എന്നും വിജയിച്ചു വന്നതും അതിന്റെ ഫലങ്ങൾ കണ്ടതും പിണറായിയും കൂട്ടരും തന്നെയാണ്. ഇന്നിപ്പോൾ കരിങ്കൊടിയിൽ പിണറായിക്ക് മാനസിക വിഭ്രാന്തി ഉണ്ടാകുകയാണ്. വിമാനത്തിൽ വരെ കരിങ്കൊടി കാണിച്ചപ്പോൾ സമരങ്ങൾ തങ്ങളുടെ കുത്തക അല്ലെന്നു അവർക്ക് ബോധ്യമായി.

തനിക്കേറ്റ കരിങ്കൊടി കളങ്കം മായ്ക്കുവാൻ ചുമ്മാ ഉണ്ടാക്കിയെടുത്ത കുനുഷ്ട് ബുദ്ധിയാണ് ഗവർണറുടെ മേലുള്ള ഈ മെക്കിട്ട് കയറ്റം. കേരളത്തിലെ തന്റെ അണികൾക്കും അനുയായികൾക്കും ഫാൻസുകാർക്കും മുന്നിൽ നാണക്കേട് സംഭവിച്ചു തുടങ്ങിയപ്പോൾ മെനഞ്ഞെടുത്ത ഒന്നാണ് ഇപ്പോൾ ഗവർണറുടെ നെഞ്ചത്തേക്കുള്ള ഈ കടന്നുകയറ്റം. 

സ്വന്തം അണികളെ ബിസിയാക്കി നിർത്തുവാൻ കാണിച്ചുകൂട്ടുന്ന ഇത്തരം പ്രവർത്തികൾ ഇനിയെങ്കിലും നിർത്തൂ സഖാവേ. ആവശ്യമില്ലാത്ത ഒരു ദൽഹി സമരവും പൊട്ടിപൊളിഞ്ഞുപോയ ഒരു മനുഷ്യ ചങ്ങലയും ഒക്കെ ഇതിന്റെ ഭാഗമായുള്ള പുകമറകൾ.
1988 ൽ ബാബരി മസ്ജിദ് ശിലാസ്ഥാപനം കുത്തിപ്പൊക്കി ഇന്ത്യയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ വിപി സിംഗിനൊപ്പവും, അരുൺ നെഹ്രുവിനൊപ്പവും കൂട്ടുനിന്ന മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാന് അന്നത്തെ ആ ചെയ്തികൾക്കും ദൈവത്തിന്റെ ശിക്ഷയാണ് കേരളത്തിന്റെ ഗവർണർ ആക്കിയതും ഇന്നിപ്പോൾ കണ്ടുകൊണ്ടിക്കുന്ന അവഗണനകളും. 

കേരളത്തിലെ മുസ്ലിംകളെ ബിജെപിയിലേക്ക് കുടിയേറ്റുവാൻ ഡൽഹിയിൽ നിന്നും പറഞ്ഞയച്ച ഗവർണർക്ക് ആകെ കിട്ടിയത് ഒരു അബ്ദുള്ള കുട്ടിയെയും ഒരു കണ്ണന്താനത്തെയും ഒരു വടക്കനെയും ഒരു അനിലിനെയും മാത്രമാണ്.

ജയരാജനും ബാലനും റിട്ടയർമെന്റ് മൂഡിലാണ്, ജി സുധാകരൻ വിഎസിന്റെ പാതയിലും. സോഷ്യൽ മീഡിയയിലെ അണികളും കൂലിയെഴുത്തുകാരും സാഹിത്യകാരന്മാരും ഒക്കെ എംടിയുടെ പാതയിലാണ്. മമ്മുട്ടിക്ക് ഈ ഭരണം മതിയായെന്ന് മുകേഷിനോട് പറഞ്ഞു.
ഇപ്പോൾ ഉള്ളത് കുറെ കൂലി പോലീസുകാരും ദേശാഭിമാനിക്കാരും കൈരളിക്കാരും മാത്രം !!
എൽഡിഎഫ് വരും എല്ലാം ശരിയാകും !!!
വാളെടുത്തവൻ വാളാൽ എന്നത് ഓർമ്മിപ്പിച്ചുകൊണ്ട് സഖാവ് ദാസനുംതുടരണം ഈ ഭരണം എന്നോർത്ത് ചിരിച്ചുകൊണ്ട് സഖാവ് വിജയനും

By admin

Leave a Reply

Your email address will not be published. Required fields are marked *