ചിക്കാഗോ: പതിനെട്ടു വയസുള്ള അകുൽ ബി. ധവാൻ എന്ന ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി യൂണിവേഴ്സിറ്റി ഓഫ് ഇലിനോയിയിൽ -അർബാന ഷാമ്പയ്‌ൻ- മരിച്ചതിന്റെ ഉത്തരവാദിത്തം യൂണിവേഴ്സിറ്റിക്കാണെന്നു ആരോപിച്ചു മാതാപിതാക്കൾ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ കാണാതായ ധവാൻ അതിശൈത്യം മൂലം കൊല്ലപ്പെട്ടുവെന്നാണ് സംശയം.
യൂണിവേഴ്സിറ്റിയിൽ എലെക്ട്രിക്കൽ എൻജിനിയറിങ് വിദ്യാർഥി ആയിരുന്നു ധവാൻ. യൂണിവേഴ്സിറ്റി പോലീസ് പറയുന്നത് കാണാതായി 10 മണിക്കൂറിനു ശേഷം അർബാനയിലെ ക്യാമ്പസിൽ ഒരു കെട്ടിടത്തിന്റെ പോർച്ചിൽ അയാളുടെ ജഡം കണ്ടെത്തി എന്നാണ്. മൈനസ് 20-30 ഡിഗ്രി ക്രൂരമായ തണുപ്പായിരുന്നു ആ രാത്രിയിൽ അവിടെ.
കാണാതായ ഇടത്തു നിന്നു വെറും 400 അടി അകലെയാണ് ജഡം കണ്ടതെന്നു മാതാപിതാക്കൾ ഇഷ് ധവാനും റിതു ധവാനും പറയുന്നു. അവിടേക്കു ഒരു മിനിറ്റ് പോലും ദൂരമില്ല. അവൻ തണുത്തു മരവിച്ചു മരിച്ചു വീണതാണ്.
കുട്ടിക്കു വേണ്ടിയുള്ള അന്വേഷണത്തിൽ യൂണിവേഴ്‌സിറ്റി പോലീസ് വേണ്ടത്ര താൽപര്യം കാട്ടിയില്ലെന്നു അവർ പരാതിപ്പെട്ടു. “ഞങ്ങൾക്കു വിശദ വിവരങ്ങൾ കിട്ടണം.”
കലിഫോർണിയയിൽ കഴിയുന്ന മാതാപിതാക്കൾക്ക് മകൻ അവിടെ തന്നെ പഠിക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ മകന് ഇല്ലിനോയിൽ പഠിക്കാൻ ആയിരുന്നു ഇഷ്ടം. റോബോട്ടിക്‌സ് ആയിരുന്നു പഠന വിഷയം.
ധവാനെ ആരെങ്കിലും കൊന്നതാണ് എന്ന സംശയം ഇല്ലെന്നു പോലീസ് പറഞ്ഞു. അതിശൈത്യം തന്നെയാണ് മരണകാരണമായ കാണുന്നത്. അതിനു തെളിവുണ്ട്. എങ്ങനെ അത് സംഭവിച്ചു എന്ന് മാത്രം വ്യക്തമല്ല.