ഡൽഹി: സികെ നായിഡു ദേശീയ ക്രിക്കറ്റ് ടൂർണമെന്റ് കഴിഞ്ഞു മടങ്ങിയ അണ്ടർ 23 താരങ്ങളുടെ ബാഗുകളിൽ നിന്നു മദ്യക്കുപ്പികൾ പിടിച്ചെടുത്തു.
ചണ്ഡീഗഢിൽ കളിക്കാനെത്തി, മത്സരം കഴിഞ്ഞു മടങ്ങിയ സൗരാഷ്ട്ര താരങ്ങളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. വിമാനത്താവളത്തിലാണ് പരിശോധന നടന്നത്.
ഗുജറാത്തിൽ മദ്യ നിരോധനമുണ്ട്. സംഭവത്തിൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണം തുടങ്ങി. താരങ്ങൾ നടപടി നേരിടേണ്ടി വരും.
ഈ മാസം 25നാണു ചണ്ഡീഗഢിനെ ടീം പരാജയപ്പെടുത്തിയത്. പിന്നാലെ സൗരാഷ്ട്ര ടീം ഗുജറാത്തിലേക്ക് മടങ്ങി. പ്രഷാം രാജ്ദേവ്, സമർഥ് ഗജ്ജർ, രക്ഷിത് മേത്ത, പർഷ്വരാജ് റാണ, സ്മിത്‍രാജ് ജലാനി എന്നിവരുടെ ബാഗുകളിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്.
ക്രിക്കറ്റ് കിറ്റിനുള്ളിൽ ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. 27 കുപ്പി മദ്യവും രണ്ട് കെയ്സ് ബിയറും പിടിച്ചെടുത്തതായാണ് പുറത്തു വന്ന വിവരം.