തിരുവനന്തപുരം: കേന്ദ്രം വെട്ടിയ 57400 കോടി രൂപ ലഭിച്ചാല്‍ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ 2500 രൂപയായി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണ്. പെന്‍ഷന്‍ കമ്പനിയെപ്പോലും കേന്ദ്രം മുടക്കിയെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. യു.ഡി.എഫിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമരം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരിനെതിരെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ കുടിശിക രണ്ടു തവണയും കൊടുത്തു തീര്‍ത്തത് പിന്നീടു വന്ന ഇടതുസര്‍ക്കാരുകളാണ്.
യു.ഡി.എഫ്. കാലത്തെ കുടിശിക കണക്ക് ഉള്‍പ്പെടെയെല്ലാം രേഖകളിലുണ്ട്. കേന്ദ്രം തരാനുള്ള പണം നല്‍കിയാല്‍ എല്ലാ പ്രതിസന്ധിയും മാറുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമപെന്‍ഷന്‍ അഞ്ചു മാസം മുടങ്ങിയതില്‍ മനം നൊന്ത് കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.