ലണ്ടൻ: ഇംഗ്ലണ്ടിലെ മാനസികാരോഗ്യ ട്രസ്റ്റുകളിൽ രോഗികൾ വൻ തോതിൽ ബലാത്സംഗത്തിനും ലൈംഗിക ചൂഷണങ്ങൾക്കും വിധേയരാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്‌ പുറത്ത്. സ്കൈ ന്യൂസ്‌ –  ദി ഇൻഡിപെൻഡന്റ് എന്നിവരുടെ ആഭിമുഖ്യത്തിൽ ‘പേഷ്യൻ്റ് 11’ എന്ന പേരിൽ നടത്തിയ പോഡ്‌കാസ്റ്റ് അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകൾ. റിപ്പോർട്ട്‌ പ്രകാരം, 2019 മുതൽ 2023 വരെയുള്ള കാലയളവിൽ ഇംഗ്ലണ്ടിലെ 30  മാനസികാരോഗ്യ ട്രസ്റ്റുകളിൽ ഉടനീളം ലൈംഗികാതിക്രമം, ലൈംഗിക ദുരുപയോഗം, ഉപദ്രവം എന്നിവയെക്കുറിച്ചുള്ള 20,000 പരാതികൾ കണ്ടെത്തി.
എൻഎച്ച്എസ് ചികിത്സയ്ക്കിടെ തങ്ങളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തതായി അത്യന്തരം ഗുരുതരമായ ആരോപണങ്ങളാണ് മാനസികാരോഗ്യ രോഗികൾ ഉന്നയിച്ചത്. 

പുരുഷ രോഗികളുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള പരാതികളെത്തുടർന്ന്, മാനസിക പരിചരണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം മുൻ ബ്രിട്ടീഷ് യുവ നീന്തൽ താരം അലക്‌സിസ് ക്വിൻ  സ്കൈ ന്യൂസ് പോഡ്‌കാസ്റ്റ് പേഷ്യൻ്റ് 11 – നോട് വെളിപ്പെടുത്തിയ സാക്ഷ്യങ്ങളാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്.
സംഭവങ്ങളിലൊന്നും അലക്സിസിൻ്റെ ആക്രമണകാരികൾ ക്രിമിനൽ നടപടി നേരിട്ടിട്ടില്ല. കൂടുതൽ രോഗികളും അവരുടെ കുടുംബങ്ങളും തങ്ങൾ നേരിട്ട ദുരനുഭവം പറയാൻ മുന്നോട്ട് വന്നിട്ടുണ്ട്.

മിക്സഡ് – ജെൻഡർ സൈക്യാട്രിക് യൂണിറ്റിലേക്ക് മാറ്റുന്നതിന് മുമ്പ് ഒരു പുരുഷ ഉദ്യോഗസ്ഥൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചതെങ്ങനെയെന്ന് വിവരിച്ച നിയമ ബിരുദധാരിയും അവരിൽ ഉൾപ്പെടുന്നു.
അതേസമയം, ഒരു പുരുഷ ജീവനക്കാരൻ്റെ കൈയിൽ നിന്ന് അഞ്ച് മാസത്തെ “ഭയങ്കരമായ” ലൈംഗിക പീഡനത്തിന് ഇരയായതായി രണ്ട് കുട്ടികളുടെ അമ്മ പറഞ്ഞു.
“അത് ഞാൻ മാത്രമാണെന്ന് കരുതി. എന്നാൽ ഞാൻ മാത്രമല്ല,  ആയിരക്കണക്കിന് ആളുകളുമുണ്ട്” എന്നാണ് അലക്സിസ് സ്കൈ ന്യൂസിനോട് പ്രതികരിച്ചത്.
2011 – ൽ, ആരോഗ്യവകുപ്പ് തങ്ങളുടെ കീഴിലെ എല്ലാ ഇൻപേഷ്യൻ്റ് സേവനങ്ങളിലും മിശ്ര – ലിംഗ പരിചരണം ഒഴിവാക്കിയിരുന്നു. ഇതൊക്കെയാണെങ്കിലും, 12 വർഷത്തിലേറെയായി, സ്‌കൈ ന്യൂസും ദി ഇൻഡിപെൻഡൻ്റും മിശ്ര – ലിംഗ വാർഡുകളിളും എൻഎച്എസ് ഇംഗ്ലണ്ടിന്റെ സൈക്യാട്രിക് കെയറിലുമായി ബലാത്സംഗത്തിൻ്റെയും, ലൈംഗികാതിക്രമത്തിൻ്റെയും നൂറുകണക്കിന് ആരോപണങ്ങൾ തിരിച്ചറിഞ്ഞു.
സ്‌കൈ ന്യൂസും ദി ഇൻഡിപെൻഡൻ്റും തങ്ങളുടെ കണ്ടെത്തലുകൾ ഇങ്ങനെ അവതരിപ്പിക്കുന്നു:
2019 – നും 2023- നും ഇടയിൽ ഇൻപേഷ്യൻ്റ് മാനസികാരോഗ്യ വാർഡുകളിൽ ഏകദേശം 20,000 “ലൈംഗിക സുരക്ഷാ സംഭവങ്ങൾ” റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഓരോ വർഷവും വാർഷിക കണക്ക് വർദ്ധിക്കുന്നു. ഇതിൽ ബലാത്സംഗം, ലൈംഗികാതിക്രമം, ലൈംഗിക പീഡനം, നഗ്നത പ്രദർശനം, ലൈംഗിക പെരുമാറ്റം നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടുന്നു.
2023 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ ഏകദേശം 4,000 ലൈംഗിക സുരക്ഷാ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് – 2019 – ലെയും 2020 – ലെയും വാർഷിക മൊത്തത്തെക്കാൾ കൂടുതലാണ്.
2020 – ൽ ഗവൺമെൻ്റ്  നിർദേശിച്ച ലൈംഗിക സുരക്ഷാ പരിരക്ഷകൾ പ്രയോഗിക്കുന്നതിൽ ട്രസ്റ്റുകൾ വലിയ തോതിൽ പരാജയപ്പെടുന്നു. ഈ കൂട്ടത്തിൽ ആറ് അധികാരികൾ മാത്രമാണ് അവ കൃത്യമായി പാലിക്കുന്നു എന്ന് തെളിയിക്കുന്നത്.
2019 – നും 2023 – നും ഇടയിൽ 20 – ലധികം ട്രസ്റ്റുകളിലായി സ്ത്രീ രോഗികൾ ഉൾപ്പെട്ട ലൈംഗികാതിക്രമത്തിൻ്റെയും ബലാത്സംഗത്തിൻ്റെയും 800 – ലധികം ആരോപണങ്ങളിൽ 95 എണ്ണം മാത്രമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

20 – ലധികം ട്രസ്റ്റുകളിലായുള്ള എൻഎച്എസ് ഇംഗ്ലണ്ട് –  സൈക്യാട്രിക് ഇൻപേഷ്യൻ്റ് സജ്ജീകരണങ്ങളിൽ 500 – ലധികം ലൈംഗികാതിക്രമങ്ങൾ, ബലാത്സംഗം എന്നീ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
“ദേശീയ അഴിമതി” എന്നാണ് മുൻ വിക്ടിംസ് കമ്മീഷണർ ഡാം വെരാ ബെയർഡ് ഈ കണ്ടെത്തലുകളെ വിശേഷിപ്പിച്ചത്.
അതേസമയം,  “രോഗികളും മാനസികാരോഗ്യ ട്രസ്റ്റുകളിലെ ജീവനക്കാരും എല്ലായ്‌പ്പോഴും ലൈംഗിക ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഭയാനകമായ കണ്ടെത്തലുകൾ കാണിക്കുന്നു. മാനസിക ആരോഗ്യ ക്രമീകരണങ്ങളിൽ വളരെ കുറച്ച് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത് കാണുന്നത് വളരെ വിഷമകരമാണ്” റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റിൻ്റെ പ്രസിഡൻ്റ് ഡോ. ലേഡ് സ്മിത്ത് പ്രതികരിച്ചു. 
“ഈ സംഭവങ്ങളിൽ ഭൂരിഭാഗവും പോലീസിൽ നിന്ന് മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന് അടിയന്തിരമായി വിശദീകരിക്കേണ്ട ബാധ്യത ആശുപത്രി അധികാരികൾക്കുണ്ട്  എന്നാണ് ലേബർ ഷാഡോ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞത്.
എൻഎച്എസ് പോലുള്ള പൈതൃകം പേറുന്ന ചികിത്സാ കേന്ദ്രത്തിൽ, പ്രത്യേകിച്ച് മനോരോഗികൾ തിങ്ങി പാർക്കുന്ന ഇടങ്ങളിൽ ഗവണ്മെന്റ് നിർദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നടമാടുന്ന ഇത്തരം ക്രൂരതകൾക്കെതിരെ മനസാക്ഷി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയെങ്കിലും മാതൃകാപരമായുള്ള ശിക്ഷ കുറ്റവാളികൾക്ക് നൽകി, ആരോഗ്യ രംഗത്തെ മലീമസമാക്കുന്ന ഇത്തരം പ്രവർത്തികൾക്ക്‌ തടയിടാൻ അധികാരികൾക്ക്‌ കഴിയണം.

By admin

Leave a Reply

Your email address will not be published. Required fields are marked *