കില്‍ഡെയര്‍ : ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം സെന്റ് ബ്രിജിറ്റിന്റെ തിരുശേഷിപ്പ് വിശുദ്ധയുടെ സ്വന്തം കില്‍ഡെയറിലേക്ക് മടങ്ങിയെത്തി. ഞായറാഴ്ച രാവിലെ കില്‍ഡെയറില്‍ തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ ആ ചരിത്ര നിമിഷത്തിന് സാക്ഷിയായി.അയര്‍ലണ്ടിന്റെ പേട്രണ്‍ സെയിന്റായ സെന്റ് ബ്രിജിറ്റിന്റെ 1,500ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ചരിത്ര സംഭവം നടന്നത്.
പ്രത്യേകം രൂപകല്‍പ്പന ചെയ്ത ദേവാലയത്തിലാണ് തിരുശേഷിപ്പിന് ഇടമൊരുക്കിയത്.ഭക്തി നിര്‍ഭരമായ പ്രദക്ഷിണവും ആഘോഷമായ വിശുദ്ധ കുര്‍ബാനയുമല്ലാം അതിന്റെ സാക്ഷ്യങ്ങളായി. ഫെബ്രുവരി ഒന്നിന് സെന്റ് ബ്രിജിറ്റ് ദിനത്തിന് മുന്നോടിയായാണ് ചടങ്ങ്.രണ്ട് വര്‍ഷം മുമ്പ്, സെന്റ് ബ്രിജിറ്റ് ദിനം ബാങ്ക് ഹോളി ഡേ ആയി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.അടുത്ത തിങ്കളാഴ്ചയാണ് സെന്റ് ബ്രിജിറ്റ് ഡേയുടെ അവധിദിനം.
ചരിത്രം മടങ്ങി വരുമ്പോള്‍
സമാധാനത്തിന്റെ മാലാഖയായ ബ്രിജിറ്റിനെ കില്‍ഡെയറിലെ മൊണാസ്റ്റിക് പള്ളിയിലെ പ്രധാന അള്‍ത്താരയ്ക്ക് സമീപമാണ് അടക്കം ചെയ്തത്. ഈ സ്ഥലം പിന്നീട് തീര്‍ഥാടന കേന്ദ്രമായി.300 വര്‍ഷങ്ങള്‍ക്ക് ശേഷം, വൈക്കിംഗുകള്‍ അയര്‍ലണ്ടില്‍ അധിനിവേശം നടത്തിയപ്പോള്‍ തിരുശേഷിപ്പുകള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡൗണ്‍പാട്രിക് കത്തീഡ്രലിലെത്തിച്ചു. സെന്റ് പാട്രിക്, സെന്റ് കൊളംബ എന്നിവര്‍ക്കൊപ്പം അടയാളപ്പെടുത്താത്ത കുഴിമാടത്തില്‍ അവിടെ അടക്കം ചെയ്തു. പിന്നീട് ആ കുഴിമാടത്തിന്റെ സ്ഥാനം പോലും നഷ്ടപ്പെട്ടു.
ദൈവം കണ്ടെത്തിയ തിരുശേഷിപ്പ്
1185ല്‍ ഡൗണ്‍ ബിഷപ്പും വിശ്വാസികളും , മൂന്ന് വിശുദ്ധരുടെയും തിരുശേഷിപ്പുകളുടെ സ്ഥാനം കാണിച്ചുതരണമേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പള്ളിയുടെ തറയിലെ ഒരു സ്ഥലത്ത് ദൃശ്യമായ പ്രകാശകിരണം ഈ തിരുശേഷിപ്പുകളെ വെളിപ്പെടുത്തിയെന്ന് ക്രിസ്ത്യന്‍ ചരിത്രം പറയുന്നു. ഹെന്റി എട്ടാമന്‍ രാജാവിന്റെ ലോര്‍ഡ് ലിയോനാര്‍ഡ് ഗ്രേ നശിപ്പിക്കുന്നതു വരെ ഏതാണ്ട് 400 വര്‍ഷം ഈ തിരുശേഷിപ്പുകള്‍ ആ പള്ളിയില്‍ തുടര്‍ന്നു.
ഷ്റിനിന്റെ നാശമുണ്ടായപ്പോഴും തിരുശേഷിപ്പുകള്‍ സംരക്ഷിക്കപ്പെട്ടു. ഇതിന്റെ ഒരു ഭാഗം പോര്‍ച്ചുഗലിലെ ലിസ്ബണിനടുത്തുള്ള ലൂമിയര്‍ പട്ടണത്തിലേക്ക് കൊണ്ടുപോയി. ഈ തിരുശേഷിപ്പ് ഇപ്പോഴും ഞായറാഴ്ച ലൂമിയാറിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ആരാധിക്കുന്നുണ്ട്.
ബ്രിജിഡൈന്‍ സിസ്റ്റേഴ്‌സിന്റെ നിയോഗം
ഈ തിരുശേഷിപ്പിന്റെ ഒരു ഭാഗം 1930കളില്‍ കാര്‍ലോയിലെ ടുലോവിലുള്ള ബ്രിജിഡൈന്‍ സിസ്റ്റേഴ്‌സ് അയര്‍ലണ്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഇതാണ് ഇപ്പോള്‍ കില്‍ഡെയറിലെ സെന്റ് ബ്രിജിറ്റ്സ് ഇടവക പള്ളിയിലേക്ക് മാറ്റിയത്. നഗരത്തിന് പ്രത്യേക ദിവസമായിരുന്നു ഇന്നലെയെന്ന് ബ്രിജിഡൈന്‍ സി. റീത്ത മിനഹെന്‍ പറഞ്ഞു.ബ്രിജിറ്റില്ലാതെ കില്‍ഡെയര്‍ ഉണ്ടാകില്ല. കില്‍ഡെയറിന്റെ നിലനില്‍പ്പിന് സെന്റ് ബ്രിജിറ്റിനോട് കടപ്പെട്ടിരിക്കുന്നെന്നും സിസ്റ്റര്‍ മിനഹെന്‍ പറഞ്ഞു.
സുപ്രധാനമായ സന്ദര്‍ഭമാണിതെന്ന് ഇന്‍ടു കില്‍ഡെയര്‍ ടൂറിസം ബോര്‍ഡ് ചെയര്‍മാന്‍ ഡേവിഡ് മോംഗെ പറഞ്ഞു. 1,000മോ അതിലധികമോ വര്‍ഷങ്ങള്‍ക്ക് ശേഷമോ ഉള്ള സെന്റ് ബ്രിജിറ്റിന്റെ തിരുശേഷിപ്പിന്റെ തിരിച്ചു വരവാണിത്. സ്വന്തം കില്‍ഡെയറില്‍ വിശ്രമിക്കാന്‍ ബ്രിജിറ്റ് വരികയാണ്. ഈ മേഖലയിലെ തീര്‍ത്ഥാടന ടൂറിസത്തിന് വലിയ ഉത്തേജനമാകുമെന്നും മോംഗെ പറഞ്ഞു.