ഡബ്ലിന്‍ : വളര്‍ച്ചയ്ക്കിടയിലും അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലെന്ന് സ്ഥിരീകരണം. 2022നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മുഴുവന്‍ ജി ഡി പി 1.9 ശതമാനം ഇടിഞ്ഞെന്നാണ് സി എസ് ഒ സ്ഥിരീകരിച്ചത്.2023 വര്‍ഷം മുഴുവന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലായിരുന്നുവെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇ എസ് ആര്‍ ഐ), യൂറോപ്യന്‍ കമ്മീഷന്‍, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.ഇക്കാര്യമാണ് ഇപ്പോള്‍ സി എസ് ഒ കണക്കുകള്‍ സ്ഥിരീകരിച്ചത്.
എന്നാല്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക മാന്ദ്യം ഒറ്റപ്പെട്ടതല്ലെന്നും യൂറോപ്പിലുടനീളമുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥയും മാന്ദ്യത്തിലായിരുന്നു.അതേസമയം യൂറോസോണ്‍ വളര്‍ച്ച നേരിയ തോതില്‍ നിലനിന്നു.
എന്നിരുന്നാലും രാജ്യത്തിന്റെ ആഭ്യന്തര സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി വളര്‍ച്ചയുടെ പാതയിലാണെന്ന് ഇ എസ് ആര്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിന്റെ ജി ഡി പിയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് മാന്ദ്യവും ചുവടുറപ്പിച്ചതിന് സ്ഥിരീകരണം വന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള അവസാന പാദത്തിലെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് 0.7 ശതമാനം ചുരുങ്ങിയെന്ന് സി എസ് ഒ കണക്കുകള്‍ പറയുന്നു. പേറ്റന്റ് ഇറക്കുമതിയും ബഹുരാഷ്ട്ര കമ്പനികളുടെ കയറ്റുമതിയും ഉള്‍പ്പെട്ട രാജ്യത്തിന്റെ ജി ഡി പിയില്‍ 3.4ശതമാനം കുറവുണ്ടായെന്ന് സി എസ് ഒ സാക്ഷ്യപ്പെടുത്തുന്നു.
ബഹുരാഷ്ട്രക്കമ്പനികളുടെ ഇന്‍ഡസ്ട്രി, ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലെ ഇടിവാണ് ജി ഡി പി കുറയാന്‍ കാരണമായതെന്ന് സി എസ് ഒയുടെ നാഷണല്‍ അക്കൗണ്ട്സ് ഡിവിഷനിലെ സീനിയര്‍ സ്റ്റാറ്റിസ്റ്റിഷ്യന്‍ റേച്ചല്‍ ഒ കരോള്‍ പറഞ്ഞു.ഫാര്‍മസ്യൂട്ടിക്കല്‍, ടെക് മേഖലകളിലെ കയറ്റുമതിയുടെ കുറവും ഇതിന് കാരണമായി.
രാഷ്ട്രീയമടക്കം വിവിധങ്ങളായ കാരണങ്ങളാല്‍ യു എസിലേക്കുള്ള കോവിഡുമായി ബന്ധപ്പെട്ട മരുന്നുകളുടെ വില്‍പ്പനയും ചൈനയിലേക്കുള്ള കമ്പ്യൂട്ടര്‍ ചിപ്പ് വില്‍പ്പനയും അപകടത്തിലായതും ജി ഡി പിയിലെ കുറവിന് കാരണമായെന്ന് സി എസ് ഒ നിരീക്ഷിക്കപ്പെടുന്നു. ഗൂഗിളും, മൈക്രോസോഫ്റ്റും അടക്കമുള്ള പ്രധാനകമ്പനികളെല്ലാം ഏതാനം ജീവനക്കാര്‍ക്ക് ലേ ഓഫ് പ്രഖ്യാപിക്കുമെന്ന സൂചനയുമുണ്ട്.