കോഴിക്കോട്: മോഷണ പരാതി നല്‍കി ഒന്നര വര്‍ഷമായിട്ടും പോലീസ് കേസ് എടുത്തില്ലെന്ന് ആരോപണം. കോഴിക്കോട് താമരശേരി സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ പ്രമോദാണ് താമരശേരി പോലീസിനെതിരെ പരാതി നല്‍കിയത്.
കടയില്‍ നിന്ന് 38 ഗ്രാം സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ 2022 മെയ് 30നായിരുന്നു പ്രമോദ് താമരശേരി പോലീസില്‍ പരാതി നല്‍കിയത്. ചെമ്പ്തകിട് വാങ്ങാനെന്ന പേരിലെത്തിയ ആള്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. അന്നു തന്നെ സി.സി.ടിവി ദൃശ്യങ്ങള്‍ സഹിതം സ്റ്റേഷനിലെത്തി പരാതി നല്‍കി. രണ്ടു ദിവസത്തിനകം പോലീസ് കടയിലെത്തി പ്രാഥമിക പരിശോധന നടത്തി. പിന്നീട് ഒന്നുമുണ്ടായില്ല. 
അടുത്തിടെ പ്രമോദിന്റെ സുഹൃത്തും കോഴിക്കോട് പാളയത്തെ സ്വര്‍ണപണിക്കാരനുമായ സത്യന്റെ കടയില്‍ സമാന രീതിയില്‍ മോഷണം നടന്നു. തന്റെ കടയിലെ മോഷണവിവരം പ്രമോദ് സുഹൃത്തിനോട് പറയുകയും ചെയ്തു. ഈ വിവരമറിഞ്ഞ കോഴിക്കോട് ടൗണ്‍ പോലീസ് കേസിനെക്കുറിച്ച് തിരക്കിയപ്പോഴാണ് അന്വേഷണം എന്തായെന്നറിയാന്‍ പ്രമോദ് താമരശേരി പോലീസില്‍ ബന്ധപ്പെട്ടത്.
എന്നാല്‍ തന്റെ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുക പോലുമുണ്ടായിട്ടില്ലെന്ന മറുപടിയാണ് സ്റ്റേഷനില്‍ നിന്ന് കിട്ടിയതെന്ന് പ്രമോദ് പറയുന്നു. പരാതി സ്വീകരിച്ച ഘട്ടത്തില്‍ പോലീസ് രസീത് നല്‍കിയിരുന്നുമില്ല.
രണ്ടു മോഷണങ്ങളും നടത്തിയത് ഒരാള്‍ തന്നെയെന്നാണ് സി.സി.ടിവി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. എന്തുകൊണ്ട് പ്രമോദിന്റെ പരാതിയില്‍ കേസ് എടുത്തില്ലെന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്നാണ് താമരശേരി പോലീസിന്റെ വിശദീകരണം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *