വാഷിംഗ്ടൺ, ഡി.സി: ജോർദാനിലെ യുഎസ് സൈനിക താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒക്‌ടോബർ 7-ന് ഹമാസ്-ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് യു.എസ. സൈനികർ ഈ മേഖലയിൽ കൊല്ലപ്പെടുന്നമത്. ഇതോടെ യുദ്ധം വ്യാപിക്കുകയാണോ എന്ന ഭീതിയും ഉണർന്നു.
സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സൈനിക ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.
‘ഇന്ന്, അമേരിക്കയുടെ ഹൃദയം ദുഃഖബാഹർമ് കൊണ്ട് നിറഞ്ഞിരിക്കുന്നു. സൈനികരുടെ മഹാത്യാഗം നമ്മുടെ രാജ്യം ഒരിക്കലും മറക്കില്ല,’ അദ്ദേഹം പറഞ്ഞു. ഇതിനുത്തരവാദികളോട് പകരം ചോദിക്കും. ഞങ്ങൾ തെരഞ്ഞെടുക്കുന്ന സമയത്തും രീതിയിലും അത് ഞങ്ങൾ ചെയ്‌തിരിക്കും-പ്രസിഡന്റ് വ്യക്തമാക്കി.
‘അമേരിക്കയെയും ഞങ്ങളുടെ സൈനികരെയും ഞങ്ങളുടെ താൽപ്പര്യങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും,’ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
ഞായറാഴ്ച സൗത്ത് കരോലിനയിലെ കൊളംബിയയിലായിരുന്ന ബൈഡനെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, പ്രിൻസിപ്പൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫൈനർ എന്നിവർ രാവിലെ വിവരമറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. ഉച്ചകഴിഞ്ഞ്, അദ്ദേഹം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസുമായും ദേശീയ സുരക്ഷാ ടീമുമായും വിർച്വൽ കൂടിക്കാഴ്ച നടത്തി.