ന്യൂ യോർക്ക്: എഴുത്തുകാരി ഇ. ജീൻ കരോൾ നൽകിയ രണ്ടാമത്തെ മാനനഷ്ട കേസിലും കുറ്റക്കാരനായി കണ്ടെത്തിയ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവർക്കു 83.3 മില്യൺ ഡോളർ നൽകണമെന്നു ന്യൂ യോർക്ക് കോടതി വെള്ളിയാഴ്ച വിധിച്ചു. $65 മില്യൺകൂടി പിഴയും $18 മില്യൺ അപകീർത്തിപ്പെടുത്തിയതിനുള്ള ശിക്ഷയുമാണ്. നേരത്തെ ആദ്യ കേസിൽ കരോളിനു $5 മില്യൺ ഡോളർ അനുവദിച്ചിരുന്നത് കൂടി ചേർക്കുമ്പോൾ ട്രംപ് മൊത്തം $88.3 മില്യൺ കരോളിനു നൽകണം.
1990ൽ കരോളിനെ (80) ട്രംപ് മാനഭംഗപ്പെടുത്തി എന്ന ആരോപണം ഉയർന്നപ്പോൾ അവർ പറയുന്നത് നുണയാണെന്നു ട്രംപ് പറഞ്ഞത് തന്റെ കീർത്തിക്കു കളങ്കം ചാർത്തിയെന്നു അവർ കുറ്റപ്പെടുത്തി.
ട്രംപ് പതിവായി പങ്കെടുക്കുന്ന വിചാരണയിൽ ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളുമുള്ള ജൂറിയാണ് വെള്ളിയാഴ്ച തീർപ്പു കല്പിച്ചത്. “തികച്ചും അപഹാസ്യമായ” വിധിക്കെതിരെ അപ്പീൽ പോകുമെന്നു ട്രംപ് അറിയിച്ചു.
2019 ലും 2022 ലും ട്രംപ് നടത്തിയ അഭിപ്രായങ്ങളുടെ പേരിൽ കരോൾ രണ്ട് മാനനഷ്ടക്കേസുകൾ ഫയൽ ചെയ്തിരുന്നു. 2023 മെയ് മാസത്തിൽ കരോളിൻ്റെ ആദ്യ കേസ് വിചാരണയിൽ അപകീർത്തിക്കും ലൈംഗിക ദുരുപയോഗത്തിനും ട്രംപ് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി. കരോളിനു $5 മില്യൺ ഡോളർ അനുവദിച്ചു.
രണ്ടാമത്തെ വിചാരണ നടക്കുന്നതിന് മുമ്പ്, കരോൾ ആക്രമണത്തെക്കുറിച്ച് പറഞ്ഞത് സത്യമാണെന്നും അതു നിഷേധിച്ച ട്രംപിൻ്റെ പ്രസ്താവനകൾ അപകീർത്തികരമാണെന്നും ജഡ്ജി വിധിച്ചു. കരോളിന് എന്ത് നഷ്ടപരിഹാരം ലഭിക്കണമെന്ന് തീരുമാനിക്കുക മാത്രമായിരുന്നു ജൂറിയുടെ ചുമതല.
ന്യൂ ഹാംപ്‌ഷെയർ റിപ്പബ്ലിക്കൻ പ്രൈമറിയിലെ വിജയത്തിൽ ട്രംപ് തിളക്കം നേടിയതിനു പിന്നാലെയാണ് കോടതിയുടെ പ്രഹരം.
വിധി വായിച്ചപ്പോൾ കരോൾ പുഞ്ചിരിച്ചു. പിന്നീട് അവർ നൽകിയ പ്രസ്താവനയിൽ പീഡിതയായ ഓരോ സ്ത്രീയുടെയും വിജയമാണിതെന്നു ചൂണ്ടിക്കാട്ടി.
നേരത്തെ കരോളിന്റെ സമാപന പ്രസ്താവന നടക്കുമ്പോൾ കോടതി വിട്ട മുൻ പ്രസിഡൻ്റ് പ്രതികരിച്ചത് തന്റെ ട്രൂത് സോഷ്യൽ മാധ്യമത്തിലാണ്. പിന്നീട് തന്റെ അഭിഭാഷക സംസാരിക്കുമ്പോൾ അദ്ദേഹം തിരിച്ചെത്തി.
കോടതി നേരത്തെ സംഘർഷഭരിതമായി. ട്രംപിന്റെ അഭിഭാഷക കോടതിയെ ധിക്കരിച്ചു സ്ലൈഡ് ഷോ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവരെ ലോക്കപ്പിൽ അടയ്‌ക്കേണ്ടി വരുമെന്നു യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ലെവിസ് കപ്ലാൻ താക്കീതു നൽകി.
വ്യാഴാഴ്ച ട്രംപ് പറഞ്ഞിരുന്നു: “ഈ സ്ത്രീ ആരാണെന്നു എനിക്കറിയില്ല. ഞാൻ അവരെ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. ഞാൻ വിചാരണയിൽ പങ്കെടുത്തിട്ടില്ല.”