കൊൽക്കത്ത: ബം​ഗാളി നടി ശ്രീലാ മജുംദാർ(65) അന്തരിച്ചു. കഴിഞ്ഞ മൂന്നുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. മൃണാൾ സെൻ, ശ്യാം ബെന​ഗൽ, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 43 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ബം​ഗാളി സിനിമയ്ക്ക് കനത്ത നഷ്ടമാണ് ശ്രീലയുടെ വിയോ​ഗത്തോടെയുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. ശക്തയായ അഭിനേതാവായിരുന്നു അവർ.
ശ്രദ്ധേയമായ പല ഇന്ത്യൻ സിനിമകളിലും അവർ മികച്ചവേഷങ്ങളവതരിപ്പിച്ചു. ശ്രീലയുടെ കുടുംബത്തോട് അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അനുശോചിച്ചു.
മൃണാൾ സെൻ സംവിധാനം ചെയ്ത ഏക്ദിൻ പ്രതിദിൻ, ഖരീജ്, അകാലെർ സന്ധാനേ എന്നീ ചിത്രങ്ങളിലെ ശ്രീലയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ശ്യാം ബെന​ഗൽ സംവിധാനംചെയ്ത മൺടി, പ്രകാശ് ഝാ ഒരുക്കിയ ദമുൽ, ഉത്പലേന്ദു ചക്രബർത്തിയുടെ ഛോഖ് എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി.
കഴിഞ്ഞവർഷം പുറത്തിറങ്ങിയ പാലാൻ ആണ് അവസാനചിത്രം. ഋതുപർണ ഘോഷ് സംവിധാനം ചെയ്ത ഛോഖെർ ബാലി എന്ന ചിത്രത്തിൽ ഐശ്വര്യാ റായിക്ക് ശബ്ദം നൽകിയത് ശ്രീലയായിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *