തെരുവുനായ വിമുക്ത കേരളത്തിനായി ആലുവയിൽ ജനകീയ നിൽപ്സമരം സംഘടിപ്പിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെയും ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിലെ പി. റ്റി.എ. യുടെയും ആലുവ പൗരാവകാശ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു നില്പ് സമരം സംഘടിപ്പിച്ചത്. സ്കൂൾ കവാടത്തിൽ സംഘടിപ്പിച്ച സമര പരിപാടി പത്മശ്രീ ഡോ. ടോണി ഉദ്ഘാടനം ചെയ്തു. തെരുവുനായ്ക്കളെ കൊണ്ട് ജനം പൊറുതിമുട്ടിയെന്നും എത്രയുംവേഗം ജനവാസ കേന്ദ്രങ്ങളിൽ നിന്നും നായ്ക്കളെ പിടിച്ച് പ്രത്യേകം ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ഒന്നോ രണ്ടോ നായ്ക്കളെ പാർപ്പിക്കാൻ പറ്റിയ ചെറിയ പട്ടിക്കൂടുകൾ നിർമ്മിച്ച് അതാത് പ്രദേശങ്ങളിലെ പട്ടികളെ അവിടെത്തന്നെയുള്ള ജനങ്ങൾക്ക് സംരക്ഷിക്കാനായി നൽകിയാൽ തെരുവിലെ നായ പ്രശ്നത്തിന് പരിഹാരമാകുമെന്ന് സമരസമിതി കൺവീനർ ജോസ് മാവേലി പറഞ്ഞു. ആലുവ മുനിസിപ്പാലിറ്റിയിൽ ഈ പദ്ധതി നടപ്പിലാക്കിയാൽ രണ്ട് നായ്ക്കളടങ്ങിയ ഒരു യൂണിറ്റിന് മാസന്തോറും ആയിരം രൂപ വീതം ജനസേവ സംരക്ഷണച്ചിലവിലേയ്ക്കു നൽകുവാൻ തയ്യാറാണെന്ന് ജനസേവ ചെയർമാൻ കൂടിയായ ജോസ് മാവേലി അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്നതോടുകൂടി ആലുവ മുനിസിപ്പാലിറ്റി ഇന്ത്യയിലെ ഇതര സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ സുമനസ്സുകളായ ധാരാളം സംഘടനകൾ ഈ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. സെൻ്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോബിത , പീ.റ്റി.എ. പ്രസിഡൻ്റ് രാജീവ് ചന്ദ്രൻ, ആലുവ ജനസേവ പ്രസിഡൻറ് അഡ്വ. ചാർളി പോൾ, സാമൂഹ്യ പ്രവർത്തകരായ സേവ്യർ പുൽപ്പാട്ട്, പി. എ. ഹംസകോയ, ജാവൻ ചാക്കോ, ജെയിംസ് മുട്ടിക്കൽ, സാബു പരിയാരത്ത്, എൻ. ഐ. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗഫൂർ അളമന, ഡോ. ഷാജി വർഗീസ് കൂടിയാട്ട്, അഡ്വ. ജയകുമാർ കാവുങ്കൽ, അൻവർ കാരായി, ലൈലാ രാധാകൃഷ്ണൻ, സജീഷ് നായർ, സ്കൂൾ പിടിഎ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞുറോളം പേർ സമര പരിപാടിയിൽ പങ്കെടുത്തു.