പട്‌ന: ബിഹാറിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ നിതീഷ് കുമാറിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് താരിഖ് അൻവർ രംഗത്ത്. ഒരാളുമായി വിവാഹം കഴിഞ്ഞ ശേഷം മറ്റൊരാളുമായി ബന്ധം പുലർത്തുന്ന ശീലമാണ് നിതീഷ് കുമാറിനെന്ന് അദ്ദേഹം പരിഹസിച്ചു.
“അത്ഭതപ്പെടാൻ ഒന്നുമില്ല. ഒരാളുമായുള്ള വിവാഹവും മറ്റൊരാളുമായുള്ള ബന്ധവും. ഇതാണ് നിതീഷ് കുമാറിൻ്റെ സ്വഭാവം”- കോൺഗ്രസ് നേതാവ് താരിഖ് അൻവർ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ കുറിച്ചു.
ഇന്ന് ഒമ്പത് മണിക്ക് ബിഹാറിലെ ബിജെപി എംപിമാരും എംഎൽഎമാരും യോഗം ചേരും. അതിനു പിന്നാലെ രാവിലെ 10 മണിക്ക് ജെഡിയു നിയമസഭാ കക്ഷി യോഗം ചേരും. തുടർന്ന് 11 മണിക്ക് പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്ത് പരിപാടി നടക്കും.
തുടർന്ന് ബിജെപി എംഎൽഎമാർ നിതീഷിൻ്റെ വസതിയിലേക്ക് പോകണം. ജെഡിയുവിൻ്റെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം നിതീഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നാണ് സൂചനകൾ.
അതിനു ശേഷം ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ തീരുമാനമുണ്ടാകുമെന്നും കരുതപ്പെടുന്നു.
അതിന് ശേഷം ജെഡിയു, ബിജെപി എംഎൽഎമാരുടെ സംയുക്തയോഗം നടക്കും. തുടർന്ന് നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.