കോട്ടയം: 31 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജോണി നെല്ലൂര്‍ എക്സ് എംഎല്‍എ വീണ്ടും കേരള കോണ്‍ഗ്രസ് – എമ്മിന്‍റെ ഭാഗമായി മാറി. രണ്ട് എംഎല്‍എമാരും മന്ത്രിയുമുണ്ടായിരുന്ന ഒരു പാര്‍ട്ടിയുടെ ചെയര്‍മാന്‍, യുഡിഎഫ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച കേരള കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളിലെ ഒന്നാമനാണ് ജോണി നെല്ലൂര്‍.
ടിഎം ജേക്കബ്ബും പിന്നീട് മകന്‍ അനൂപ് ജേക്കബ്ബും മന്ത്രിമാരായിരുന്നപ്പോള്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ രണ്ടു പതിറ്റാണ്ടുകാലം ആ പാര്‍ട്ടിയെ നയിച്ചു. അത്തരമൊരു നേതാവ് നിലവിലെ കേരള കോണ്‍ഗ്രസുകളില്‍ പാര്‍ട്ടി അധ്യക്ഷ പദവികള്‍ക്ക് പുറത്ത് വേറെ എല്ല.
കേരള കോണ്‍ഗ്രസ് – എം ജോണി നെല്ലൂരിനെ സ്വീകരിക്കാനും ഇതാണ് കാരണം. ഇപ്പോഴും സംസ്ഥാനത്തെ ഏറ്റവും പ്രധാന റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജോണിയുടെ പക്കലാണ്.
ജോസഫ് ഗ്രൂപ്പില്‍ ചേക്കേറിയ രണ്ടാം നിര കേരള കോണ്‍ഗ്രസ് നേതാക്കളില്‍ ഒട്ടുമിക്കവരും മാണി ഗ്രൂപ്പിലേയ്ക്ക് തിരികെ പോരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ജോസ് കെ മാണി അവര്‍ക്കാര്‍ക്കും പച്ചക്കൊടി കാട്ടിയിരുന്നില്ല. ജോണി നെല്ലൂരും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ജോസ് കെ മാണിയെ കണ്ട് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതാണെന്നും ഇപ്പോഴാണ് അതിന് സാഹചര്യം ഉണ്ടായതെന്നുമാണ് ജോസ് കെ മാണി പ്രതികരിച്ചത്.
ജോണി നെല്ലൂരിന്‍റെ വരവോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ക്കു പുറമെ എറണാകുളത്തുകൂടി കേരള കോണ്‍ഗ്രസ് ശക്തിപ്പെടുത്താനാണ് ജോസ് കെ മാണി ലക്ഷ്യം വയ്ക്കുന്നത്.
ധൂര്‍ത്ത പുത്രനേപ്പോലെ മടങ്ങിവരവ്
31 വര്‍ഷങ്ങള്‍ക്കു ശേഷം മാതൃസംഘടനയായ കേരള കോണ്‍ഗ്രസ് – എമ്മിലേയ്ക്കുള്ള മടങ്ങിവരവിനെ ബൈബിളിലെ ധൂര്‍ത്ത പുത്രന്‍റെ ഉപമയോട് താരതമ്യപ്പെടുത്തിയാണ് ജോണി നെല്ലൂരിന്‍റെ ആദ്യ പ്രതികരണം.
93 ലാണ് താന്‍ കെഎം മാണിയുടെ പാര്‍ട്ടിയെ വിട്ട് പുറത്തു പോകുന്നത്. ‘പിതൃ ഗൃഹത്തി’ല്‍ നിന്ന് സ്വത്തെല്ലാം വാങ്ങി പുറത്തുപോയി ധൂര്‍ത്തടിച്ച് എല്ലാം തകര്‍ന്നപ്പോള്‍ പിതൃഭവനത്തെക്കുറിച്ച് ചിന്തിക്കുകയും സഹോദരന്മാരുടെയൊക്കെ ജീവിതാവസ്ഥയെക്കുറിച്ച് ആലോചിക്കുകയും ചെയ്ത് ഒടുവില്‍ തിരികെ വന്ന ബൈബിളിലെ ധൂര്‍ത്ത പുത്രനേപ്പോലെയാണ് താനെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
യുഡിഎഫ് സെക്രട്ടറി എന്ന നിലയില്‍ യുഡിഎഫിലെ പ്രഗല്‍ഭന്‍ കൂടിയായിരുന്ന നേതാവാണ് കേരള കോണ്‍ഗ്രസ് – എമ്മിലേയ്ക്ക് വന്നിരിക്കുന്നതെന്നതിനാല്‍ ഇത് ഇടതുപക്ഷത്തിന് നേട്ടമായി വ്യാഖ്യാനിക്കാന്‍ കഴിയും.