മലക്കോട്ടൈ വാലിബനും ഒടിയന്റെ റെക്കോർഡുകളെ മറികടക്കാൻ സാധിച്ചില്ല. അഞ്ചു വർഷത്തിനു ശേഷവും കേരളത്തിൽ നിന്നുള്ള ആദ്യ ദിന കളക്ഷനിൽ വി.എ ശ്രീകുമാർ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയനെ മറികടക്കാനാവാതെ മലയാള സിനിമ.
ഒടിയൻ (7.22 കോടി രൂപ), ലൂസിഫർ ( 6.38 കോടി), മരക്കാർ (6.35 ), ഭീഷ്മ പർവ്വം ( 6.3), മലൈക്കോട്ടൈ വാലിബൻ ( 5.85) എന്നിങ്ങനെയാണ് ആ പട്ടിക. ഒപ്പം, മറികടക്കാനാവാതെ മറ്റൊരു റെക്കോർഡും- ഒരു മലയാള താരത്തിന്റെ ഏറ്റവും കൂടിയ ആദ്യ ദിന കളക്ഷനും ഒടിയനിലൂടെ മോഹൻലാലിനാണ് (18.2 കോടി), രണ്ടാമത് 9.55 കോടിയുമായി നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയാണ്.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപണന തന്ത്രങ്ങളായിരുന്നു ഒടിയനിലൂടെ കണ്ടത്. പരസ്യ സംവിധായകനും സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാർ ആവിഷ്ക്കരിച്ച വിപണന രീതികൾ ഡീഗ്രേഡിങ്ങിനെ ചെറുക്കുവാൻ കെൽപ്പുള്ളതായിരുന്നു.
സിനിമ പ്രദർശിപ്പിച്ച എല്ലാ തിയറ്ററുകളിലും മോഹൻലാലിന്റെ ഒടിയൻ ശിൽപ്പമാണ് പ്രേക്ഷകരെ വരവേറ്റത്. ഏറ്റവും കൂടുതൽ ഫാൻസ് ഷോകളും മുൻകൂർ ബുക്കിങ്ങുകളും സിനിമ നേടി.
2018 ഡിസംബർ 18ന് ബിജെപി ഹർത്താൽ ദിവസമാണ് ഒടിയൻ റിലീസ് ചെയ്തത്. കോഴിക്കോട് ജില്ലയിൽ ഹർത്താലിനെ തുടർന്ന് ആദ്യ ദിന പ്രദർശനം നടന്നില്ല. മോഹൻലാൽ ഫാൻസിന്റെ കോട്ട എന്നറിയപ്പെടുന്ന തിരുവനന്തപുരത്താകട്ടെ ആ ദിവസം വൈകിട്ടാണ് പ്രദർശനം ആരംഭിച്ചത്.
അന്ന് ടിക്കറ്റ് നിരക്ക് ഇന്നത്തേതിലും കുറവുമായിരുന്നു. ആദ്യമായി 23 രാജ്യങ്ങളിൽ റിലീസിങ് സ്ക്രീനുകൾ ഉണ്ടായ ആദ്യ ചിത്രവും ഒടിയനാണ്.
തമിഴ്നാട്ടിലെ മലയാളം സിനിമ കളക്ഷനിൽ ലൂസിഫറിനും പ്രേമത്തിനും പിന്നാലെ 1.26 കോടി നേടി ഒടിയൻ മൂന്നാമതുണ്ട്. ഓവർസീസ് റൈറ്റ്സിൽ ടോപ് ഫൈവിൽ ഒടിയനും ലൂസിഫറും പുലിമുരുകനുമുണ്ട് മോഹൻലാൽ ചിത്രങ്ങളായി.
കേരളത്തിൽ ഏറ്റവും കൂടുൽ ഫാൻസ് ഷോ നടത്തിയതും ഒടിയൻ (409) , രണ്ടാമത് സർക്കാറും (278), മൂന്നാമത് ലൂസിഫറുമാണ് (225). കേരള ബോക്സോഫീസിൽ നിന്ന് ഏറ്റവും വേഗത്തിൽ 10 കോടി നേടിയതും ഒടിയൻ.
കൊച്ചിയിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ നിന്ന് ഒരു കോടി നേടിയ ചിത്രങ്ങളിലും ഒടിയൻ ഇടം നേടി. കേരളം ഒഴികെയുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഒന്നാമത്തെ ചിത്രം പുലിമുരുകനാണ് (6.75 കോടി) രണ്ടാമത് ഒടിയൻ (5.25 കോടി), ഡീഗ്രേഡിങ് ക്യാംപയിനുകൾക്കിടയിലും 27-ാം ദിവസവും ആശിർവാദ് സിനിമാസിൽ ഹൗസ്ഫുള്ളായി ഒടിയനോടി.
40 കോടി രൂപയ്ക്കു മുകളിൽ ലോകമെമ്പാടും നിന്നും കളക്ട് ചെയ്ത 15 സിനിമകളുടെ പട്ടികയിലും ഒടിയനുണ്ട്. കേരള പ്രൊഡ്യൂസേഴ്സ്, അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തു വിട്ട ഈ കണക്കുകൾ ഒടിയൻ, ബോക്സോഫീസിനെ ഒടിവെച്ചതിന്റെ നേർചിത്രമാണ്. ഒടിയൻ ആദ്യ പ്രദർശനം പൂർത്തിയാകുന്നതിനു മുൻപു തന്നെ ഡീഗ്രേഡിങ് ആരംഭിച്ചിരുന്നു.
ഹിന്ദിയിലേക്ക് മൊഴി മാറ്റി യുട്യൂബിലൂടെ പ്രദർശിപ്പിച്ച ഒടിയൻ മൂന്നു കോടി പ്രേക്ഷകരെയാണ് നേടിയത്. തെലുങ്ക് മൊഴിമാറ്റവും കഴിഞ്ഞിടയ്ക്ക് പ്രേക്ഷകരിലെത്തി.