വയനാട്: ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ ഒരാള്‍ പിടിയില്‍. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയുമായി ആദിത്യന്‍ സംസാരിച്ചിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തപ്പോഴാണ് വിവരം കിട്ടിയത്.
പ്രതിയുടെ മൊബൈല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് വിശദമായി പരിശോധിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്‌കൂളിലെ വാര്‍ഷിക ദിനത്തിലായിരുന്നു ആത്മഹത്യ. വാര്‍ഷികത്തിന് പണം കണ്ടെത്താന്‍ കൂപ്പണ്‍ പിരിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. ഇത് വിറ്റു തീര്‍ക്കാന്‍ മരിച്ച പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല.
പെണ്‍കുട്ടി കൂപ്പണ്‍ തിരിച്ചു നല്‍കിയില്ലെന്ന് അധ്യാപകര്‍ ആരോപിച്ചിരുന്നു. ഇത് വിദ്യാര്‍ത്ഥിനിയെ അലട്ടിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആരോപണം അധ്യാപകര്‍ നിഷേധിച്ചിരുന്നു. സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ വൈകിട്ട് നാലിനാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ വാര്‍ഷികാഘോഷം നടത്തിയതില്‍ വിമര്‍ശനവുമുണ്ട്.