ഡല്‍ഹി: നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിൽ തുടർന്നിരുന്നുവെങ്കിൽ പ്രധാനമന്ത്രിയാകേണ്ട വ്യക്തിയായിരുന്നു എന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് പ്രസ്താവനയുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്.
ഇന്ത്യ സഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും പരിഗണിക്കാമെന്ന സാഹചര്യമാണ്. സഖ്യത്തിൻ്റെ കോർഡിനേറ്ററോ മറ്റേതെങ്കിലും വലിയ പദവിയോ നിതീഷിന് ലഭിക്കുമായിരുന്നു എന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിതീഷ് കുമാറിനോട് സന്നദ്ധത കാണിക്കുവാൻ കോൺഗ്രസ് തയ്യാറായില്ല. അദ്ദേഹത്തോട് സംസാരിക്കണമായിരുന്നു. നിതീഷ് കുമാർ ഇന്ത്യൻ സഖ്യത്തിൽ തുടരണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. അദ്ദേഹമാണ് മുൻകൈയെടുത്ത് ഇന്ത്യാ അലയൻസ് രൂപീകരിച്ചതെന്നും അഖിലേഷ് പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പ്രചാരണം നടത്തുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പറയാൻ ബുദ്ധിമുട്ടാണെന്നും അഖിലേഷ് പറഞ്ഞു.
അദ്ദേഹത്തോടൊപ്പം പ്രചാരണം നടത്തുമോ ഇല്ലയോ എന്ന് കാലം തെളിയിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഞാനില്ല. പ്രാദേശിക പാർട്ടികൾ ശക്തമാകുന്നിടത്ത് അവർക്ക് മുൻഗണന നൽകണം.
രാമ ക്ഷേത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ബിജെപി രാമക്ഷേത്രം ഉപയോഗിച്ച് രാഷ്ട്രീയം ചെയ്യുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇതിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.