താൻ വീണ്ടും പ്രണയത്തിലാണെന്ന വെളിപ്പെടുത്തി ദിയ കൃഷ്ണകുമാർ സമൂഹ മാധ്യമത്തില്‍ ഒരു ചിത്രം പങ്കുവച്ചത് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. മോതിരമണിഞ്ഞ ദിയയുടെ കയ്യില്‍ ഒരാള്‍ പിടിച്ചു നില്‍ക്കുന്നതായിരുന്നു പോസ്റ്റ്. ‘ഞാൻ യെസ് പറഞ്ഞു’ എന്ന കുറിപ്പോടെയാണ് ദിയ ചിത്രം ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
ചിത്രം വൈറലായതോടെ ആളാരാണ് എന്ന അന്വേഷണത്തിലായിരുന്നു ആരാധകർ. ദിയയുടെ സുഹൃത്ത് അശ്വിനാണ് ചിത്രത്തിൽ. ദിയക്കൊപ്പമുള്ള തന്റെ ചിത്രം ഇൻസ്റ്റാഗ്രാമില്‍ അശ്വിന്‍ ഗണേഷും പങ്കുവച്ചു. ദിയയെ മോതിരമണിയിക്കാനായി തയാറായി നില്‍ക്കുന്ന അശ്വിന്റെ ചിത്രമാണ് പോസ്റ്റിലുള്ളത്.
‘ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്നാണ് അശ്വിൻ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. ദിയ കണ്ണു കെട്ടി നില്‍ക്കുന്നതും, മോതിരവുമായി അശ്വിന്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. ഇരുവരുടെയും സുഹൃത്തുക്കളും ഒപ്പമുണ്ട്.
കഴിഞ്ഞ വര്‍ഷം മുതലാണ് ദിയയും അശ്വിന്‍ ഗണേഷ് എന്ന സുഹൃത്തും തമ്മിലുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്ന് തുടങ്ങിയത്. രണ്ടാളും ഒരുമിച്ചുള്ള യാത്രകളുടെയും മറ്റും ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ താരങ്ങള്‍ പ്രണയത്തിലാണെന്ന കഥയും പ്രചരിച്ചു.