ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയത് ഡിസംബര്‍ 1 ന് ആയിരുന്നു. ചിത്രത്തിന്‍റെ ഉള്ളടക്കം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും തിയറ്ററുകള്‍ നിറച്ച ചിത്രമായി മാറി ഇത്. 17 ദിവസം കൊണ്ട് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 835 കോടിയാണ് നേടിയ കളക്ഷന്‍. ഇപ്പോഴിതാ തിയറ്റര്‍ റണ്ണിന് ശേഷം ചിത്രം ഒടിടിയില്‍ എത്തുകയാണ്.
റിലീസിന്‍റെ 56-ാം ദിനം പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുന്നത്. ജനുവരി 26 നാണ് സ്ട്രീമിം​ഗ് ആരംഭിക്കുക. ഹിന്ദി ഒറിജിനലിന് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം കാണാം. ഷാരൂഖ് ഖാന്‍റെ ജവാന്‍ കഴിഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ ഏറ്റവും മികച്ച ഓപണിംഗ് വന്ന ചിത്രമാണ് അനിമല്‍. സന്ദീപ് റെഡ്ഡി വാം​ഗയ്ക്കൊപ്പം പ്രണയ് റെഡ്ഡി വാം​ഗ, സുരേഷ് ഭണ്ഡാരു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍റേത് തന്നെയാണ് കഥ.
അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കര്‍, ബബ്ലു പൃഥ്വീരാജ്, ശക്തി കപൂര്‍, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്റോയ്, സൗരഭ് സച്ച്ദേവ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമിത് റോയ് ഛായാ​ഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിം​ഗും സന്ദീപ് റെഡ്ഡി വാം​ഗ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *