നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ പുതിയ പഠനം കാലാവസ്ഥാ വ്യതിയാനത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ച് സൂചന നൽകുകയാണ്.
ഉപഗ്രഹത്തിൽനിന്നുള്ള നാല് ദശാബ്ദക്കാലത്തെ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് സമഗ്രമായ വിശകലനം നടത്തിയതിനെ തുടർന്ന് ഗ്രീന്ലാന്ഡിലെ മഞ്ഞുപാളികൾ ഭയാനകമാംവിധം ശോഷിച്ചിരിക്കുന്നതായി കണ്ടെത്തി.
മുമ്പുണ്ടായിരുന്ന നിഗമങ്ങളെക്കാൾ ഏകദേശം 21 ശതമാനം പിണ്ഡം നഷ്ടപ്പെട്ടതായി പുതിയ പഠനം വെളിപ്പെടുത്തുന്നു.
നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് 1985 മുതൽ 2022 വരെയുള്ള മഞ്ഞുപാളികളുടെ സ്ഥാനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചത്. 1985ൽ ഉണ്ടായിരുന്ന 207 മഞ്ഞു പാളികൾക്കിടയിൽ നിന്ന്, 179 എണ്ണം പിൻവാങ്ങിയതായി കണ്ടെത്തി.
ഒരിക്കൽ പുരാതന ഗ്ലേഷ്യൽ ഹിമങ്ങൾ നിലനിന്നിരുന്നു ഗ്രീൻലാൻഡിന്റെ ചുറ്റളവിലുള്ള സമുദ്രനിരപ്പിന് താഴെയുള്ള ഫ്ജോർഡിലാണ് ഈ പിൻവാങ്ങൽ കൂടുതലായും കാണപ്പെട്ടത്.
മഞ്ഞുമലയിൽ നിന്നുള്ള മഞ്ഞു കട്ടകൾ ഉടഞ്ഞു പിൻവലിയുന്നത് “ഫ്ജോർഡിൽ നിന്ന് ഒരു പ്ലഗ് വലിച്ചു മാറ്റുന്നത് പോലെയാണെന്നും,” ഇത് ഐസിനെ സമുദ്രത്തിലേക്ക് കൂടുതൽ വേഗത്തിൽ അലിഞ്ഞുചേരാൻ അനുവദിക്കുന്നുവെന്നും ജെപിഎല്ലിലെ പ്രമുഖ ഹിമാനി ശാസ്ത്രജ്ഞനായ ചാഡ് ഗ്രീൻ വിശദീകരിച്ചു.
1,140 ബില്യൺ ടൺ ഐസിന്റെ അധിക നഷ്ടം അന്താരാഷ്ട്ര ഐസ് ഷീറ്റ് മാസ് ബാലൻസ് ഇന്റർ-കംപാരിസൺ എക്സർസൈസിന്റെ കണക്കിൽ മുമ്പുണ്ടായിരുന്നില്ല. ഇതെല്ലം സമുദ്രനിരപ്പിനു താഴെയുണ്ടായിരുന്ന പാളികൾ ആയതുകൊണ്ട്, സമുദ്രനിരപ്പ് ഉയരുന്നതിന് നേരിട്ട് ഇവ കാരണമാകുന്നില്ല. എന്നാൽ സമുദ്രത്തിലേക്ക് ശുദ്ധജലത്തിന്റെ പ്രവാഹം ഇത് വർധിപ്പിക്കുന്നു.