കടുത്തുരുത്തി; മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന 27-ാമത് ദേശീയ യുവോത്സവത്തില്‍ കേരളത്തെ പ്രതിനിദീകരിച്ചു പങ്കെടുത്ത് നാടിന്റെ അഭിമാനതാരമായി കടുത്തുരുത്തി സ്വദേശി ജോജി സ്റ്റീഫന്‍. നാസിക്കില്‍ ജനുവരി 12 മുതല്‍ 16 വരെ നടന്ന ദേശീയ യുവോത്സവം ഉദ്ഗാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ജോജിയുള്‍പെടെ കേരളത്തില്‍ നിന്നും 66 അംഗ സംഘമാണ് യുവോതസ്വത്തില്‍ പങ്കെടുത്തത്.
ഇതില്‍ കളരിയെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ഒമ്പത് പേര്‍. തെക്കന്‍ശൈലിയുടെ പ്രതിനിധികളായി തിരുവനന്തപുരം ജില്ലയില്‍ നിന്നും എട്ട് പേര്‍ പങ്കെടുത്തപ്പോള്‍ വടക്കന്‍ ശൈലിയുടെ പ്രതിനിധിയായി പങ്കെടുത്ത ഏകവ്യക്തിയാണ് ജോജി. കടുത്തുരുത്തി സിവിഎന്‍ കളരിയിലെ അംഗമായ ജോജി 23 വര്‍ഷത്തിലേറേയായി കളരിയില്‍ പഠനവും പരിശീലനവും നടത്തി വരികയാണ്.
ഇ.പി. വാസുദേവന്‍ ഗുരുക്കള്‍, വളപ്പില്‍ കരുണന്‍ ഗുരുക്കള്‍, ഡോ. ഷാജി വാസുദേവന്‍ ഗുരുക്കള്‍ എന്നിവരുടെ ശിഷ്യനാണ് ജോജി. 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേങ്ങളില്‍ നിന്നുമായി 8,000 ത്തോളം പ്രതിഭകളാണ് എട്ട് ഇനങ്ങളിലായി പ്രകടനങ്ങള്‍ കാഴ്ച്ച വച്ചത്. ജോജിയുള്‍പെടുന്ന കേരളസംഘത്തിന് ദേശീയ യുവോത്സത്തില്‍ മികച്ച നേട്ടം കൈവരിക്കാനുമായി. ഗ്രൂപ്പ് ഫോക് സോംഗിന് ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഫോക് ഡാന്‍സിനത്തില്‍ രണ്ടാം സ്ഥാനവും കഥാരചനയില്‍ മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 21 പോയിന്റോടെ മൂന്നാം സ്ഥാനവും നേടാന്‍ കേരളത്തിനായി. നാസിക്കിലെ ഹനുമാന്‍ നഗര്‍ യുവഗ്രാമത്തില്‍ നടന്ന സമാപന ചടങ്ങില്‍ മഹാരാഷ്ട്ര കായിക യുവജനകാര്യ മന്ത്രി സഞ്ജയ് ബന്‍സോഡില്‍ നിന്നും ജേതാക്കള്‍ ട്രോഫി ഏറ്റുവാങ്ങി.