ജിദ്ദ: ഗൾഫ് സഹകരണ കൗസിലിലെ രാജ്യങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും രാജ്യങ്ങളുമായുള്ള സാമ്പത്തിക, വ്യാപാര സഹകരണത്തിന്റെ സംവിധാനങ്ങൾ വൈവിധ്യവത്കരിക്കാനും നീക്കം നടത്തുന്നു. ഇതിനായി ജിസിസി രാജ്യങ്ങൾ തന്ത്രപ്രധാനമായ കരാറുകളിൽ ഏർപ്പെടാനുള്ള നീക്കങ്ങൾ നടത്തുന്നു.
മേഖലയിലെ രാജ്യങ്ങളുമായും പ്രാദേശിക ബ്ലോക്കുകളുമായും സ്വതന്ത്ര വ്യാപാര ഉടമ്പടികൾ രൂപീകരിക്കാൻ ഉദ്യേശിക്കുന്നതായും ഗൾഫ് സഹകരണ രാജ്യങ്ങളുടെ പൊതുവേദിയുടെ മേധാവി അറിയിച്ചു. ഇതിനായി പ്രാദേശിക തലത്തിലും തുറസ്സായ നിലയിലും പ്രവർത്തനങ്ങൾ നടന്നുവരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ബ്രിട്ടന്റെ ഇന്റർനാഷണൽ ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ആൻ മേരി ട്രെവെലിയനുമായി വീഡിയോ കോൺഫറൻസ് വഴി സംഭാഷണം നടത്തവേ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ആണ് സുപ്രധാനമായ ഈ നീക്കം സംബന്ധിച്ച് സൂചന നൽകിയത്. മേഖലാ – ആഗോള തലങ്ങളിൽ ഗൾഫ് സാധനങ്ങൾക്ക് വിപണി ഉറപ്പ് വരുത്തുന്നതിലൂടെ അതാത് രാജ്യങ്ങൾക്കും അവിടങ്ങളിലെ ജനങ്ങൾക്കും നേട്ടം കൊയ്യുകയാണ് ലക്ഷ്യമെന്നും അൽബുദൈവി വിവരിച്ചു.
ഗൾഫ് കോർപ്പറേഷൻ കൗൺസിലും ബ്രിട്ടനും തമ്മിലുള്ള സഹകരണവും തന്ത്രപരമായ പങ്കാളിത്തവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചർച്ച കരാറിന്റെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.