ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം എന്നതാണ് ചിത്രത്തിന്‍റെ യുഎസ്‍പി. സിനിമകളില്‍ എല്ലായ്പ്പോഴും ഒരു അപ്രതീക്ഷിതത്വം സൂക്ഷിക്കുന്ന ലിജോയുടെ ചിത്രമായതിനാല്‍ത്തന്നെ വാലിബന്‍റെ ഔട്ട്പുട്ട് എത്തരത്തിലാവും എന്നത് പ്രതീക്ഷയ്ക്കൊപ്പം ആരാധകരില്‍ ഒരു തരം ആശങ്കയും ഉണ്ടാക്കുന്നുണ്ട്. വലിയ ഹൈപ്പ് വിനയാവുമോ എന്നും ആരാധകരില്‍ ഒരു വിഭാഗത്തിന് ഭയമുണ്ട്.
ഏത് തരം പ്രതീക്ഷയുമായാണ് തിയറ്ററുകളിലേക്ക് എത്തേണ്ടതെന്ന് പ്രീ റിലീസ് അഭിമുഖങ്ങളില്‍ ലിജോയും മോഹന്‍ലാലുമടക്കം പലകുറി വിശദീകരിച്ചിരുന്നു. റിലീസിന് തൊട്ടുമുന്‍പ് മോഹന്‍ലാല്‍ തന്‍റെ ആരാധകരോട് അക്കാര്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു. ഇന്നലെ രാത്രി ട്വിറ്റര്‍ സ്പേസില്‍ മോഹന്‍ലാല്‍ ആരാധകര്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അതിഥിയായി എത്തിയ മോഹന്‍ലാല്‍ തന്നെ ഇക്കാര്യം ഒരിക്കല്‍ക്കൂടി അടിവരയിട്ട് പറഞ്ഞത്.
വാലിബന്‍ ഒരു മാസ് സിനിമയായി മാത്രം കാണരുതെന്ന് അദ്ദേഹം പറയുന്നു- “നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം.. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ, മോഹന്‍ലാലിന്‍റെ വാക്കുകള്‍. റിലീസിന് ആറ് ദിവസം ശേഷിക്കെ പ്രീ റിലീസ് ബുക്കിംഗ് തുടങ്ങിയ ചിത്രമാണ് വാലിബന്‍. അതിന്‍റെ ഗുണം ഓപണിംഗ് കളക്ഷനില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ റിലീസ് ആണ് ചിത്രത്തിന്.

By admin

Leave a Reply

Your email address will not be published. Required fields are marked *