തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിൽ ഇക്കൊല്ലം ആദ്യമായി വോട്ട് ചെയ്യുന്ന അഞ്ചേമുക്കാൽ ലക്ഷം വോട്ടർമാരായിരിക്കും ഇത്തവണത്തെ പൊതു തിരഞ്ഞെടുപ്പിലെ തുറുപ്പുചീട്ട്.
പുതിയ വോട്ടർമാരെ തങ്ങൾക്കനുകൂലമാക്കാൻ മുന്നണികളെല്ലാം തന്ത്രങ്ങൾ മെനയുകയാണ്. യുവ വോട്ടര്‍മാരെ തങ്ങളിലേക്ക് ആകർഷിക്കാൻ പാർട്ടികൾ പ്രധാനമായും ആശ്രയിക്കുന്നത് സാമൂഹ്യമാധ്യമങ്ങളെയാണ്.
ആശയപ്രചാരണത്തിന് പോസ്റ്റർ മുതൽ വീഡിയോകൾ വരെ ഉപയോഗിക്കുകയും ഇത് ഒരോരുത്തരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. പാർട്ടികളുടെ പ്രത്യേക കൂട്ടായ്മകൾ രൂപീകരിച്ച് അതിലേക്ക് പുതിയ വോട്ടര്‍മാരെ ചേർക്കാനുള്ള പ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ട്.
5.75 ലക്ഷം പേർ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുമ്പോൾ 3.75 ലക്ഷം പേർ ഇത്തവണ നിലവിലെ പട്ടികയിൽ നിന്ന് പുറത്താകുന്നുമുണ്ട്. ഏപ്രിൽ 10ന് ശേഷം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
പുതിയ വോട്ടർമാരിൽ അധികവും രാഷ്ട്രീയ ചായ്‌വുള്ളവരല്ല. വ്യക്തികളെ നോക്കിയും ജനപ്രതിനിധികളുടെ പ്രവർത്തനവും ഇടപെടലും വിലയിരുത്തിയുമാണ് യുവാക്കൾ പലപ്പോഴും വോട്ട് രേഖപ്പെടുത്തുന്നത്. അവരെ കണ്ടെത്തി തങ്ങൾക്കൊപ്പം നിർത്താനുള്ള തന്ത്രമാണ് രാഷ്ട്രീയകക്ഷികൾ പയറ്റുന്നത്.
എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനം ബൂത്ത് തലത്തിൽ പ്രവർത്തിപ്പിക്കുന്ന സിപിഎം പുതിയ സമ്മതിദായകരെ കണ്ടെത്തി വോട്ടുകൾ ചേർക്കുന്നതിൽ മുൻപന്തിയിലാണ്. ഇത്തവണ വോട്ടുവിഹിതം വർദ്ധിപ്പിച്ച് അക്കൗണ്ട് തുറക്കുമെന്ന് പ്രതീതി സൃഷ്ടിക്കുന്ന ബിജെപിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ചില ജില്ലകളിൽ കോൺഗ്രസും ബൂത്ത് തലത്തിൽ പ്രവർത്തനം ചിട്ടയായി നടത്തുന്നുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആയി വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിയില കണക്കിനെ അപേക്ഷിച്ച് 3,03,745 വോട്ടർമാരുടെ വർദ്ധനവാണ് ഉണ്ടായത്. യുവവോട്ടർമാരുടെ (18, 19വയസ്) എണ്ണത്തിലാണ് വലിയ വർദ്ധനവുണ്ടായത്. കഴിഞ്ഞ വർഷം 1,14,038 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 2,88,533 ആയി വർദ്ധിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർത്തത് 5.74 ലക്ഷം വോട്ടർമാരാണ്. വോട്ടർമാരിൽ കൂടുതൽ സ്ത്രീകളാണ്; 1.39 കോടി. പുരുഷന്മാർ 1.31 കോടി.
മരിച്ചവരും സ്ഥലംമാറി പോയവരും ഇരട്ടിപ്പും കണ്ടെത്തിയ 3.75 ലക്ഷം പേരെ ഒഴിവാക്കി. ഇതിൽ കാൽലക്ഷത്തോളം പേരെ ഫോട്ടോയിലും പേരിലും മേൽവിലാസത്തിലും മറ്റും ഉണ്ടായ സാമ്യം സാങ്കേതിക സഹായത്തോടെ കണ്ടെത്തി ഒഴിവാക്കി.
ഇത്തവണയും മലപ്പുറമാണ് കൂടുതൽ വോട്ടർമാരുള്ള ജില്ല; 32,79,172. കൂടുതൽ സ്ത്രീ വോട്ടർമാരും (16,38,971) മലപ്പുറത്താണ്. വയനാട്ടിലാണ് വോട്ടർമാർ കുറവ്; 6,21,880.
2023 ജനുവരിയിലെ അന്തിമ പട്ടികയിൽ 2.67 കോടി വോട്ടർമാർ ഉണ്ടായിരുന്നത് ഒക്ടോബറിൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.68 കോടിയായി. പിന്നീട് ചേർന്നവരെയും ഒഴിവാക്കിയവരെയും കണക്കാക്കിയാണ് 2.70 കോടിയെന്ന അന്തിമ പട്ടികയിലെ കണക്ക്.