ലണ്ടന്‍: ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയിൽ കല്ലുകടികൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അധിക ജോലി ഭാരം മൂലമുള്ള സമ്മർദ്ദങ്ങളും ജോലിക്കനുയോജ്യമായ ശമ്പള പോരായ്മകളും എൻഎച്എസ് ജീവനക്കാരെ വലിയ തോതിൽ ബാധിക്കുന്നതും അടുത്തയിടെ നടന്ന പണിമുടക്കുകളുമെല്ലാം യു കെ ആരോഗ്യ മേഖയയെ സാരമായി തന്നെ ബാധിച്ചു എന്ന് പറയാം.
ഇതിനിടയിലാണ്, രാജ്യത്തെ ലൈംഗികാരോഗ്യ സേവനങ്ങളും തകര്‍ച്ചയുടെ പാതയിലാണെന്ന ഞട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സാരമെങ്കിലും ആന്റി ബയോട്ടിക്ക് ഇൻജക്ഷനോ ഗുളികകളോ കൊണ്ട് മാറിയേക്കാവുന്ന ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ‘സെക്ഷ്വലി ട്രാൻസ്‌മിറ്റഡ് ഇൻഫെക്ഷൻ’ (STI) ഗണത്തിൽ പെട്ട രോഗങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

2017 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ, ഇംഗ്ലണ്ടിലെ  പല കൗണ്‍സിലുകളിലും  അണുബാധ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ കൗണ്‍സിലുകളിലും ഗൊണോറിയയുടെ രോഗനിര്‍ണയ നിരക്ക് സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ‘ഗവണ്‍മെന്റ് ഓഫീസ് ഫോര്‍ ഹെല്‍ത്ത് ഇംപ്രൂവ്മെന്റ് ആന്‍ഡ് ഡിസ്‌പെരിറ്റീസ്’ ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.  
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാൽ തങ്ങൾക്കു അധിക ഫണ്ട് നല്‍കണമെന്നാണ് കൗണ്‍സിലുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ ഡിമാന്‍ഡ് കുതിച്ചുയരുകയാണെന്നും സേവനങ്ങള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണെന്നുമാണ് ലൈംഗികാരോഗ്യ ക്ലിനിക്കുകള്‍ പ്രവർത്തിപ്പിക്കുന്ന കൗണ്‍സിലുകളെ പ്രതിനിധീകരിക്കുന്ന ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം പ്രകാരം, 2022 – ല്‍ ഗൊണോറിയ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് . സിഫിലിസ് കേസുകളാകട്ടെ 1948 – ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കുലും 
പുതിയ കേസുകളിലെ മുക്കാൽ പങ്കും ചെറുപ്പക്കാരായ രോഗികളാണ്. സ്വവര്‍ഗ്ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍, യൂണിസെക്ഷ്വല്‍ എന്നീ വിഭാഗങ്ങളും രോഗികളായുണ്ട്. ഭിന്നലിംഗക്കാരിലും രോഗ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു.

കൂടുതല്‍ ആളുകൾക്ക് ലൈംഗിക ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും കൃത്യമായ  പരിശോധനകള്‍ പതിവായി നടത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങൾ കൗണ്‍സിലുകൾ നൽകുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *