ഡല്‍ഹി: കോടികളുടെ യെസ് ബാങ്ക്-ഡിഎച്ച്എഫ്എൽ വായ്പാ തട്ടിപ്പിൽ മുൻ ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാരായ കപിൽ വാധവാനും സഹോദരൻ ധീരജ് വാധവാനും അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി.
34,615 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജാമ്യം അനുവദിച്ചതിൽ ഡൽഹി ഹൈക്കോടതിക്കും വിചാരണക്കോടതിക്കും വലിയ പിഴവ് സംഭവിച്ചുവെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും എസ്‌സി ശർമ്മയും അടങ്ങുന്ന ബെഞ്ച് വാദം കേൾക്കുന്നതിനിടെ പറഞ്ഞു.
“കുറ്റപത്രം സമർപ്പിക്കുകയും യഥാസമയം കോടതി നടപടി സ്വീകരിക്കുകയും ചെയ്‌തതിനാൽ, പ്രതികൾക്ക് നിയമപരമായ ജാമ്യം അവകാശപ്പെടാൻ കഴിയില്ല. ഹൈക്കോടതിക്കും കീഴ്‌ക്കോടതിക്കും വലിയ പിഴവ് സംഭവിച്ചു,” ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു.
വിധി പ്രസ്താവിക്കുന്നു. ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർപിസി) പ്രകാരം, 60 അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണ ഏജൻസി പരാജയപ്പെട്ടാൽ നിയമപരമായ ജാമ്യം അനുവദിക്കുന്നതിന് പ്രതിക്ക് അർഹതയുണ്ട്.
വാധവാൻ സഹോദരങ്ങളുടെ കേസിൽ, നിയമപ്രകാരം, ആദ്യ എഫ്‌ഐആർ സമർപ്പിച്ച് 88-ാം ദിവസമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ വിചാരണക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ഡിസംബറിൽ ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. യെസ് ബേങ്ക് തട്ടിപ്പും കള്ളപണം വെളുപ്പിക്കൽ കേസിലുമാണ് വാധാവാൻ സഹോദരൻമാർക്കെതിരേ ഇഡി കേസെടുത്തത്.
60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജസ്റ്റിസ് ഭാരതി ദാഗ്ര ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഇരുവരും ഒരുലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണമെന്നും പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസ് ഭാരതി ദാഗ്ര ഉത്തരവിട്ടു.