തിരുവനന്തപുരം: ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിൽ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതരില്ലാത്ത കേരളമെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും പട്ടയം ആഗ്രഹിച്ചു നിൽക്കുന്നവർക്കു കഴിയുന്നത്ര വേഗത്തിൽ പട്ടയം ലഭ്യമാക്കും.
ലാൻഡ് ട്രിബ്യൂണലുകളിലെ പട്ടയ അപേക്ഷകൾ പട്ടയ മിഷനിലൂടെ വേഗത്തിൽ നൽകാനാകണം. സംസ്ഥാനത്തു ഭൂരഹിതരുടെ കണക്കു വിവിധ രീതികളിൽ ശേഖരിച്ചിട്ടുണ്ട്.
ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായാൽ താലൂക്ക് ലാൻഡ് ബോർഡുകളിലെ മിച്ചഭൂമി കേസുകൾ സമയബന്ധിതമായി തീർപ്പാക്കും. പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വിവിധ രീതികളിൽ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.