തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2024 – 25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാസാക്കാൻ ചേരുന്ന സഭാ സമ്മേളനം മാർച്ച് 27 വരെ, ആകെ 32 ദിവസം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്.
എന്നാൽ കെപിസിസിയുടെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര നടക്കുന്നതിനാൽ സഭാ സമ്മേളനം ചുരുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ ബജറ്റ് പാസാക്കി സമ്മേളനം തത്കാലത്തേക്ക് പിരിയാനാണ് സാദ്ധ്യത.
മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദമടക്കം കത്തി നിൽക്കുന്ന സാഹചര്യത്തിൽ സഭാ സമ്മേളനം ചുരുക്കുന്നതിനെ ഭരണപക്ഷവും അനുകൂലിക്കുമെന്നാണ് സൂചന. സഭാസമ്മേളനത്തെ ബഹളത്തിൽ മുക്കാൻ മന്ത്രിസഭയുടെ കേരളയാത്രയിലെ അക്രമം മുതൽ ഇ.ഡിയുടെ കേസുകൾ വരെയുള്ള വിഷയങ്ങളേറെയുണ്ട്.
ജനുവരി 29, 30, 31 തീയതികളിൽ ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 6 മുതൽ 11 വരെ സഭ ചേരില്ല. ഫെബ്രുവരി 12 മുതൽ 14 വരെ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച നടക്കും.
ധനാഭ്യാർത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതൽ 25 വരെ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരും. ഫെബ്രുവരി 26 മുതൽ മാർച്ച് 20 വരെയാണ് ധനാഭ്യാർത്ഥന ചർച്ച ചെയ്ത് പാസാക്കാൻ നീക്കിവച്ചിട്ടുള്ളത്.
നിലവിലെ കലണ്ടർ പ്രകാരം ഗവൺമെന്റ് കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്. 2023 – 24 സാമ്പത്തിക വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും ബഡ്ജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകൾ സമ്മേളന കാലയളവിൽ പാസാക്കേണ്ടതുണ്ട്. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരിമാനിക്കും.
ഓർഡിനൻസിനു പകരമായി 2024 ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബിൽ, 2024 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2024 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, എന്നിവയാണ് ഈ സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകൾ.
2023 ലെ കേരള വെറ്റിറനറിയും ജന്തുശാസ്ത്രവും സർവ്വകലാശാല (ഭേദഗതി) ബിൽ, 2023 ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബിൽ, 2023 ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബിൽ, 2023 ലെ കേരള പൊതുരേഖ ബിൽ, 2024 ലെ മലബാർ ഹിന്ദു മത ധർമ്മസ്ഥാപനങ്ങളും എൻഡോവ്‌മെന്റുകളും ബിൽ എന്നിവയാണ് പരിഗണിക്കാനിടയുള്ള മറ്റു ബില്ലുകൾ. നടപടികൾ പൂർത്തീകരിച്ച് മാർച്ച് 27 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനം.