വീട്ടിലേക്ക് ഫോൺ വിളിച്ച ശേഷം ആ മകൾ ജോലിക്കായി പോയി, നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവളുടെ മരണ വാർത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്. വന്ദന ദാസ് എന്ന ഹൗസ് സർജന്റെ മരണത്തെ അംഗീകരിക്കാൻ കഴിയാതെയാണ് ആ കുടുംബം ഇന്നും ജീവിക്കുന്നത്. ആ അച്ഛന്റെയും അമ്മയുടെയും കരഞ്ഞു കലങ്ങിയ കണ്ണുകൾ നാടിനെയാകെ ഈറനണിയിച്ചിരുന്നു.
എന്നാൽ ഡോ. വന്ദന ദാസ് കൊലപാതകം വെറുമൊരു വാർത്തയായി മാത്രം ശേഷിക്കുകയാണ്. ഇപ്പോഴും സർക്കാർ തുടരുന്ന അലംഭാവത്തിന് മാറ്റമില്ല. അധികാരികളും മാദ്ധ്യമങ്ങളും മറന്ന ആ കുടുംബത്തെ ചേർത്ത് പിടിക്കുകയാണ് നടൻ ടിനി ടോം. കോട്ടയത്തെ മുട്ടചിറയിലെ വസതിയിലെത്തി, വന്ദന ദാസിന്റെ പിതാവിനെ കണ്ടതിന് പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവയ്‌ക്കുകയാണ് ടിനി ടോം.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷനായി തലസ്ഥാനത്ത് എത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതെന്ന് ടിനി ടോം പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി തോന്നിയത് വന്ദനയുടെ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തെ ആരും ഓർക്കുന്നുണ്ടാകുന്നില്ല, കാരണം നമ്മൾ മറക്കാൻ മിടുക്കരാണ്. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു വന്ദനയുടെ പിതാവെന്നും ടിനി ടോം പങ്കുവച്ച കുറിപ്പിൽ വൈകാരികമായി രേഖപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ റിസ്പഷൻ വേദിയിൽ നിന്നും വിലാസം മേടിച്ച് കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.