കൊല്ലം: കൊല്ലം പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിക്കും. അനീഷ്യയുടെ മരണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് അന്വേഷിക്കണമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സഹപ്രവര്‍ത്തകരുടെ മാനസികപീഡനവും ഭീഷണിയും അനീഷ്യയെ സമ്മര്‍ദത്തിലാക്കിയിരുന്നതായി ആരോപണമുണ്ട്. ചില മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തതായി വ്യക്തമാക്കുന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള അഞ്ച് ശബ്ദസന്ദേശങ്ങളാണു പുറത്തായത്.
മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക സമ്മര്‍ദ്ദം പതിവായിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറിയും ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെയും സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബാര്‍ അസോസിയേഷന്റെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed