തിരുവനന്തപുരം: അവസരങ്ങൾ തേടി യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെതിരെ വിമര്‍ശനവുമായി ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
എല്ലാവര്ക്കും ഈ നാട്ടിൽ ജീവിച്ച് വിജയിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ആര്‍ച്ച് ബിഷപ് പറഞ്ഞു.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് തിരുവനന്തപുരം പിഎംജി ലൂർദ് പള്ളിയിൽ പൗരസമൂഹം നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ യുവാക്കളുടെ കുടിയേറ്റ വിഷയത്തിൽ ആശങ്കപ്പെടേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുവാക്കള്‍ പുറത്തേക്ക് പോകുന്നത് ഒരു പ്രതിഭാസമാണ്. പഴയ കാലമല്ലിത്. വളര്‍ന്ന് വരുന്ന യുവ തലമുറയ്ക്ക് എന്ത് പഠിക്കണം എവിടെ പഠിക്കണമെന്ന നല്ല ബോധ്യമുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെ വന്ന് പഠിക്കുന്ന രീതിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോളജുകളിൽ വിദ്യാർഥികളില്ലാത്ത അവസ്ഥയാണ്. പലയിടത്തും ബിരുദാനന്തര കോഴ്സുകൾ ഇല്ലാതായി. ഭരണകര്‍ത്താക്കൾ ഇരിക്കുന്ന വേദിയിൽ വിഷയം ഉന്നയിച്ചതിന് ആര്‍ച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.
സിറോ മലബാർ സഭയിൽ നിന്ന് മാത്രം അല്ല മറ്റ് പല സഭകളിലും നിന്ന് യുവജനങ്ങൾ പുറത്തേക്ക് പോകുന്ന സ്ഥിതിയുണ്ട്. അതിന് മാറ്റം വരുത്താൻ ഭരണാധികാരികൾക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയുന്നുവെന്ന് പറഞ്ഞ മാർ ജോസഫ് പെരുന്തോട്ടം, യുവജനങ്ങൾ ഇവിടെ ജീവിച്ച് ജോലി ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വച്ചു.