എടപ്പാൾ – വീട്ടുകാരും നാട്ടുകാരും  അപൂർവങ്ങളിൽ അപൂർവമായ ഒരു പിറന്നാളാഘോഷം  ആർഭാടമാക്കി.  പട്ടിത്തറ അരിക്കാടാണ് 111 വയസ്സു തികയുന്ന അപൂർവതയുമായി പുല്ലാനിക്കാട്ടുപറമ്പിൽ കുഞ്ഞിമാളുവമ്മയെന്ന ചക്കമ്മയുടെ പിറന്നാളാഘോഷം നടന്നത്.
1913-ലാണു ചക്കമ്മ ജനിച്ചത്. മകരമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ. ഒരു നൂറ്റാണ്ടും പിന്നെയൊരു പതിറ്റാണ്ടും പിന്നിട്ട ജീവിതത്തിലെ ഓർമകളെല്ലാം ചക്കമ്മയ്ക്കു തെളിഞ്ഞുതന്നെ നിൽക്കുന്നു. മലബാർ കലാപവും കലാപത്തിൽപ്പെട്ട് അഭയാർഥികളായി എത്തിയ മനുഷ്യർക്കു വീട്ടിൽ അഭയം കൊടുത്തതുമെല്ലാം ഇന്നും പകൽപോലെ വ്യക്തം.
മൂന്നു ഭർത്താക്കൻമാർ ഉണ്ടായിരുന്നു. പതിനൊന്നു മക്കളെ പ്രസവിച്ചു. അതിൽ എട്ടു കുട്ടികൾ മാത്രമേ ജീവിച്ചുള്ളൂ. മൂന്നാമത്തെ ഭർത്താവായിരുന്ന ശങ്കരൻ 28 വർഷം മുൻപു മരിച്ചു. രാമൻ, നാരായണൻ എന്നീ മക്കളും മരിച്ചു. മൂത്തമകൻ വാസുദേവനു 90 വയസ്സായി. ജാനകി, ഭാർഗവി, പത്മാവതി, ജയരാജൻ, പ്രേമ കുമാരി എന്നീ മറ്റു മക്കളും പേരക്കുട്ടികളും അടങ്ങുന്ന അൻപതിലധികം പേർ ചക്കമ്മയുടെ വംശവൃക്ഷണത്തിൽ ഇപ്പോഴും സജീവം.
നടക്കാനുള്ള സ്വാധീനക്കുറവും കേൾവിക്കുറവും ഒഴിച്ചു നിർത്തിയാൽ ആരോഗ്യത്തിനു കുഴപ്പമില്ലെന്നു വീടും നാടും ഒരുപോലെ പറയുന്നു.
നാൾ പ്രകാരം ജനുവരി 28-നാണു പിറന്നാൾ വരുന്നതെങ്കിലും നാട്ടുകാർക്കും വീട്ടുകാർക്കും ഒത്തുകൂടാൻ സൗകര്യപ്പെട്ട ദിവസം ഞായറാഴ്ചയായതിനാൽ ആഘോഷം അന്നേക്കു മാറ്റുകയായിരുന്നു.
നാനൂറിലധികം പേർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. മണ്ഡലത്തിലെ ഏറ്റവും മുതിർന്ന അംഗ ത്തിന്റെ പിറന്നാളിനു മധുരം പങ്കിടാൻ മന്ത്രി എം.ബി. രാജേഷും മുൻ എം.എൽ.എ. വി.ടി. ബൽറാമും പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ബാലനും വീട്ടിലെത്തി. എസ്.എൻ.ഡി.പി. ജില്ലാഭാരവാഹികൾ നേരിട്ടെത്തി ചക്കമ്മയ്ക്കു ഉപഹാരം സമർപ്പിച്ചു.
2024 January 22Keralatitle_en: chakkamma @ 111

By admin

Leave a Reply

Your email address will not be published. Required fields are marked *