ന്യൂയോർക്ക്: യുഎസിൽ ജനജീവിതം ദുസ്സഹമാക്കി കൊടുംശൈത്യം. ആർട്ടിക് കാലാവസ്ഥ ശനിയാഴ്ച യുഎസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കൂടുതൽ ദുരിതം വിതച്ചു. ശൈത്യത്തെ തുടർന്ന് 60 മരണങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് ഈവർഷം ജനുവരിയിലെ രണ്ടാഴ്ച തന്നെ ശൈത്യം രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചു. ശനിയാഴ്ച മൈനസ് 28 ഡിഗ്രി വരെ താപനില താഴ്ന്നതിനു പിന്നാലെ മരവിപ്പിക്കുന്ന കാറ്റും വീശുന്നുണ്ട്.
30 സംസ്ഥാനങ്ങൾ ശൈത്യത്തിന്റെ പിടിയിലാണ്. 60 ദശലക്ഷം ജനങ്ങളെ ശൈത്യം ബാധിച്ചു. ഗതാഗതം, വൈദ്യുതി, വ്യോമയാനം എന്നീ മേഖലകളെയും രൂക്ഷമായി ബാധിച്ചു.
സാധാരണ ശൈത്യം കനക്കാത്ത ടെന്നിസി പോലുള്ള തെക്കൻ സംസ്ഥാനങ്ങളിൽ മാത്രം 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഭൂരിഭാഗം മരണങ്ങളും ഹൈപ്പോതെർമിയയോ റോഡപകടങ്ങളോ മൂലമാണ്.
മെംഫിസിൽ നിരവധി പൈപ്പുകൾ പൊട്ടി. നഗരത്തിലുടനീളം ജലവിതരണം താറുമാറായി. ഇതേത്തുടർന്ന് മെംഫിസ് സിറ്റി കൗൺസിൽ ശനിയാഴ്ച ഏഴ് കുപ്പിവെള്ള വിതരണ സ്റ്റേഷനുകൾ തുറന്നു.
അടുത്ത ഒരാഴ്ച താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.