നിരവധി പേര്‍ മഞ്ഞുകാലമാകുമ്പോള്‍ നേരിടുന്നൊരു പ്രശ്നമാണ് ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നു എന്നത്. പൊതുവെ ചൂടില്ലാത്ത കാലാവസ്ഥയില്‍ അത് മഴയായാലും, മഞ്ഞ് ആയാലും ആളുകള്‍ വെള്ളം കുടിക്കുന്നത് കുറയാറുണ്ട്. മഞ്ഞുകാലത്ത് സത്യത്തില്‍ നാം സാധാരണഗതിയില്‍ കുടിക്കുന്നതിലും അധികം വെള്ളം കുടിക്കണം. കാരണം ശരീരത്തില്‍ നിന്ന് മഞ്ഞുകാലത്ത് അധികം ജലാംശം പുറത്തേക്ക് പോകുന്നുണ്ട്.
അന്തരീക്ഷം ഡ്രൈ ആയിരിക്കുന്നതിനാല്‍ തന്നെ ശരീരത്തില്‍ നിന്ന് ജലാംശം വറ്റിപ്പോവുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് മഞ്ഞുകാലത്ത് അധികം വെള്ളം കുടിക്കണമെന്ന് നിര്‍ദേശിക്കുന്നത്. പലര്‍ക്കും ഇക്കാര്യം അറിയില്ല എന്നതാണ് സത്യം. ശരീരത്തില്‍ നിന്ന് ഉള്ള ജലാംശം വറ്റിപ്പോവുകയും, കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയുകയും ചെയ്യുന്ന അവസ്ഥയില്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത വളരെയേറെയാണ്.
നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷൻ എന്ന് പറഞ്ഞാല്‍ ശരീരത്തിന് അതിന്‍റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര വെള്ളം കിട്ടാത്ത അവസ്ഥ. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും ആരോഗ്യപരമായ പ്രയാസങ്ങളിലേക്കുമാണ് നമ്മെ നയിക്കുക. മൂത്രാശയ അണുബാധ, മൂത്രത്തില്‍ കല്ല്, വിവിധ അണുബാധകള്‍, ഡ്രൈ സ്കിൻ, മലബന്ധം എന്നുതുടങ്ങി പലവിധ പ്രശ്നങ്ങളിലേക്കാണ് നിര്‍ജലീകരണം നയിക്കുക.
ഇതില്‍ ഏറ്റവും അപകടകരമായ അവസ്ഥ ഹൃദയംബന്ധമായ പ്രശ്നങ്ങളാണ്. മഞ്ഞുകാലത്ത് ഹൃദയസംബന്ധമായ പ്രയാസങ്ങളുള്ളവരില്‍ ആരോഗ്യാവസ്ഥ മോശമാകുന്നത് കൂടുതലാകാനുള്ളൊരു കാരണവും നിര്‍ജലീകരണം തന്നെ. തണുപ്പുള്ള അന്തരീക്ഷത്തില്‍ താപനില പിടിച്ചുനിര്‍ത്താൻ വേണ്ടി ശരീരം ചര്‍മ്മത്തിലെ രക്തക്കുഴലുകള്‍ കൂടുതല്‍ ഞെരുക്കും. ഇതിലൂടെ രക്തസമ്മര്‍ദ്ദം ഉയരാൻ കാരണമാകുന്നു. ഇത് ഹൃദയത്തിനാണ് ഭാരം സൃഷ്ടിക്കുക.