തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍ വീണ്ടും പട്ടാപ്പകല്‍ മോഷണം. ചെട്ടിയാര്‍മാട്- ഒലിപ്രം റോഡിന് സമീപത്തെ സി -25 ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്. സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ജീവനക്കാരനും കൊല്ലം പരവം സ്വദേശിയുമായ സേതുനാഥും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെള്ളിയാഴ്ച പകലാണ് സംഭവം. രണ്ട് ലക്ഷം രൂപയും മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങളുമാണ് പ്രതികൾ കവർന്നത്.
ജോലി കഴിഞ്ഞ് സേതുനാഥ് വൈകീട്ട് അഞ്ചിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ച പണവും ഭാര്യയുടെ മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചത് അറിയുന്നത്. കാലപ്പഴക്കം ചെന്ന ക്വാര്‍ട്ടേഴ്സ് പരിസരം കാടുമൂടി കിടക്കുകയാണ്. പ്രദേശങ്ങളിലൊന്നുംതന്നെ സി.സി.ടി.വി കാമറകളില്ലാത്തതിനാൽ പൊലീസിന് കാര്യമായ തെളിവുകളൊന്നുംതന്നെ ലഭിച്ചിട്ടില്ല.