ഇടുക്കി- ഇത് ഒരു പക്ഷിയുടെ കഥയാണ്. കൂടുകൂട്ടാന്‍ വൃക്ഷത്തലപ്പുകള്‍ക്ക് പകരം ഒരു മനുഷ്യന്റെ വീടകം തെരഞ്ഞെടുത്ത ബുള്‍ബുള്‍ പക്ഷിയുടെ കഥ.കഴിഞ്ഞ 3 വര്‍ഷത്തിലേറെയായി ഈ അതിഥി കുമാരമംഗലം കാരകുന്നേല്‍ വീട്ടില്‍ കെ.പി രമേശന്റെ വീട്ടില്‍ കൃത്യമായി പറന്നെത്തും. പതിവ് തെറ്റാതെ ഇത്തവണയും രമേശന്റെ വീട്ടില്‍  അതിഥി കൃത്യമായി എത്തി.
സമയമാകുമ്പോള്‍ ബുള്‍ബുളിനെ പ്രതീക്ഷിച്ചിരിക്കുന്നത് രമേശനും പതിവായി. വിശ്രമ ജീവിതത്തിനിടയില്‍ കൂട്ടായി മൂന്ന് പക്ഷിക്കുഞ്ഞുങ്ങളാണ് രമേശനുള്ളത്. വീട്ടിലെ ഹാളിനുള്ളിലാണ് ആവാസം.ഇരട്ടത്തലച്ചി, ബുള്‍ബുള്‍, കണ്ണക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന , നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കാണപ്പെടുന്ന പക്ഷിയാണ് രമേശന്റെ വീട്ടില്‍ കൂട് കെട്ടി കുഞ്ഞുങ്ങളെ വിരിയിച്ചിരിക്കുന്നത്.ഹാളിനുള്ളിലെ ഫാന്‍സി ലൈറ്റിന്  മുകളില്‍ സ്വയം തയാറാക്കിയ കൂട്ടിലാണ് തള്ള പക്ഷിയും കുഞ്ഞുങ്ങളും.  പൊതുവെ ആള്‍ താമസമുള്ള ഇടങ്ങളില്‍ ബുള്‍ ബുള്‍ പക്ഷി കൂട് കൂട്ടാറില്ല. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷമായി രമേശന് ഇത് സ്ഥിരം കാഴ്ചയാണ്. എല്ലാ വര്‍ഷവും കൃത്യ സമയത്ത് തന്നെ കുഞ്ഞുങ്ങളെ വിരിയിക്കുന്നതിനായി തള്ള പക്ഷി ഇവിടെ കൃത്യമായി എത്തി മുട്ടയിടുന്നു. ഇടുക്കി അസി. ഫുഡ് കമ്മീഷണറായി വിരമിച്ച രമേശനാകട്ടെ, തന്റെ വീട്ടില്‍ കുടിയേറിയിരിക്കുന്ന അതിഥികളെ പുറത്താക്കണമെന്ന ആഗ്രഹവുമില്ല. അടുത്ത വര്‍ഷവും മുട്ട വിരിയിക്കുവാന്‍ തള്ളപക്ഷി ഇവിടെത്തന്നെ എത്തണമെന്നാണ്  രമേശിന്റെയും കുടുംബത്തിന്റെയും ആഗ്രഹം.
2024 January 19Kerala

By admin

Leave a Reply

Your email address will not be published. Required fields are marked *