തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 
പൗരബോധം, ശാസ്ത്രബോധം, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത,  തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധം, പോക്സോ നിയമങ്ങൾ എന്നിവയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
പാഠപുസ്തകങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്. അടുത്ത അധ്യയന വർഷത്തിനായി സ്‌കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ പുതിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരികയാണ്. 
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. 2007ൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചതിന് ശേഷം സമഗ്രമായ മാറ്റത്തിനു വിധേയമാകുന്നത് ഇപ്പോഴാണ്. 
കഴിഞ്ഞ 16 വർഷമായി അറിവിന്റെ തലത്തിൽ വന്ന വളർച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങൾ, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്രാപ്യത, അവസരങ്ങൾ തുടങ്ങിയവയെല്ലാം പുതിയ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
കൂടാതെ ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്ത് ജനാധിപത്യവും മതനിരപേക്ഷതയും അടിത്തറയാക്കികൊണ്ടുള്ള നവകേരള സങ്കൽപനങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കേരളീയ അന്വേഷണങ്ങൾക്ക് പിന്തുണ നൽകുന്ന പാഠ്യപദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
പാഠപുസ്തക പരിഷ്‌കരണത്തെ തുടർന്ന് അധ്യാപകർക്കുള്ള അധ്യാപക പുസ്തകങ്ങൾ വികസിപ്പിക്കും. തുടർന്ന് അധ്യാപകർക്ക് നല്ല പരിശീലനവും നൽകാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. 
പാഠപുസ്തകങ്ങളുടെ മുഴുവൻ ഡിജിറ്റൽ ടെക്സ്റ്റും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായി രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. ഇവ രണ്ടും സമയബന്ധിതമായി പൂർത്തീകരിക്കും.
ദേശീയതലത്തിൽ തന്നെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനം കേരളമാണ്. 
അക്കാദമിക രംഗത്തും അല്ലാതെയും ജനാധിപത്യ വിരുദ്ധമായ നടപടികൾ രാജ്യത്ത് സംഭവിക്കുമ്പോൾ അതിനെ അക്കാദമികമായി ചെറുക്കാനാണ് കേരളത്തിന്റെ ശ്രമം. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവർത്തനങ്ങളാണ് കേരളം പിന്തുടരുക.

By admin

Leave a Reply

Your email address will not be published. Required fields are marked *