അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ആഘോഷങ്ങളോട് അനുബന്ധിച്ച് ജനുവരി 22ന് സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പങ്കെടുക്കാനായാണ് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് പല പ്രത്യേക അവസരങ്ങളിലും മുഖ്യമന്ത്രി സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.
‘ജനുവരി 22ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനാല്‍ പശ്ചിമ ബംഗാളിലെ യുവാക്കള്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠാ ആഘോഷങ്ങളില്‍ സന്തോഷിക്കാം,’ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ട് മജുംദാര്‍ എക്സില്‍ കുറിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഈ തീരുമാനം. 22ന് ഉച്ചയ്ക്ക് 12.15നും 12.45നും ഇടയ്ക്കാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. ഇത് സംബന്ധിച്ച ഉത്തരവ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളായ അസമും ഒഡീഷയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളും അര്‍ദ്ധ ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പ്രതിഷ്ഠാ ചടങ്ങിന്റെ മുന്നോടിയായുള്ള ആചാരങ്ങളുടെ ഭാഗമായി ശ്രീകോവിലിനുള്ളില്‍ രാമലല്ല വിഗ്രഹം സ്ഥാപിച്ചു.
കേന്ദ്ര മന്ത്രിമാരോട് ക്രമീകരണങ്ങള്‍ നേരിട്ട് പരിശോധിക്കാനും അവരുടെ ലോക്‌സഭാ മണ്ഡലത്തിലെ ആളുകളെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാനും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഇതെല്ലാം ലാളിത്യത്തോടെ ചെയ്യണമെന്നും പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് നിര്‍ദ്ദേശിച്ചു. നേരത്തെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. ക്ഷേത്രത്തില്‍ ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി വ്രതം ആരംഭിച്ചിരുന്നു. 11 ദിവസത്തെ പ്രത്യേക വ്രതത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തറയിലാണ് ഉറങ്ങുന്നത്. കരിക്കിന്‍ വെള്ളം മാത്രമാണ് അദ്ദേഹം കുടിക്കുക. സൂര്യോദയത്തിന് മുമ്പുള്ള ഒരു ശുഭ സമയത്ത് എഴുന്നേല്‍ക്കുക, ധ്യാനം, സാത്വികമായ ഭക്ഷണം കഴിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം തന്റെ ദൈനംദിന ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 12 ന് വൃതത്തിന്റെ തുടക്കം മോദി പ്രഖ്യാപിച്ചിരുന്നു. പ്രതിഷ്ഠയുടെ ചരിത്രപരവും മംഗളകരവുമായ അവസരത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.