തിരുവനന്തപുരം: എം.എം. മണിയടക്കം ഇടുക്കിയിലെ സി.പി.എം നേതാക്കളെല്ലാം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അതിരൂക്ഷമായി വിമർശിച്ചത് പട്ടയഭൂമി ഭേദഗതി ബില്ലിൽ ഒപ്പിടാത്തതിന് എതിരെയായിരുന്നു. ബില്ലിൽ ഒപ്പിടാത്തിതിന് ഗവർണർക്കെതിരേ ഇടുക്കിയിൽ അതിശക്തമായ പ്രക്ഷോഭമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ഗവർണർ ഇടുക്കിയിലെത്തിയപ്പോൾ എൽ.ഡി.എഫ് ഹർത്താൽ നടത്തിയിരുന്നു. ഏഴിടത്ത് ഗവർണർക്കെതിരേ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. ബിൽ ഒപ്പിടുകയോ തിരിച്ചയയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.
ഇടുക്കിയിൽ ഇത് വൻ രാഷ്ട്രീയപ്രശ്നമായി. ഇടത് നേതാക്കളെല്ലാം ഗവർണർക്കെതിരേ തിരിഞ്ഞു. ഇടുക്കിയിലെ ജനങ്ങൾ രാജ്ഭവന് മുന്നിൽ കുടിൽ കെട്ടി സമരം നടത്തുമെന്നു വരെ പ്രഖ്യാപിച്ചു. ഈ സമരകോലാഹലങ്ങൾക്കൊടുവിൽ ബില്ലിൽ ഒപ്പിടാൻ ഒരുങ്ങുകയാണ് ഗവർണർ. ഇടുക്കിയടക്കം മലയോര ജില്ലകളിൽ സി.പി.എമ്മിന് വൻ രാഷ്ട്രീയ മൈലേജുണ്ടാക്കുന്ന ബില്ലാണിത്.
പട്ടയ ഭൂമിയിലെ വീടുകൾക്കു പുറമേയുള്ള എല്ലാ നിർമ്മാണങ്ങളും ക്രമവത്കരിക്കുന്നതിന് നിയമസഭ പാസാക്കിയ ബില്ലിനാണ് ഗവർണർ അംഗീകാരം നൽകുന്നത്. ഈ ബില്ലിനെതിരേ ഇടുക്കിയിൽ നിന്ന് ബിജെപി നേതാക്കളടക്കം നിരവധി പരാതികൾ ഗവർണർക്ക് അയച്ചിരുന്നു. ഇതിൽ 2വട്ടം ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയെങ്കിലും നൽകിയിരുന്നില്ല. ഒടുവിൽ വെള്ളിയാഴ്ച ചീഫ്സെക്രട്ടറി സർക്കാരിന്റെ വിശദീകരണം ഗവർണർക്ക് കൈമാറി.
ബിൽ മലയോര മേഖലയിലെ ജനതാത്പര്യം പരിഗണിച്ചുള്ളതാണെന്നും അതിനെതിരായ പരാതികളിൽ കഴമ്പില്ലെന്നുമാണ് വിശദീകരണത്തിലുള്ളത്. ബില്ലിലെ വ്യവസ്ഥകൾ കോടതി ഉത്തരവുകൾക്കോ കേന്ദ്രനിയമത്തിനോ വിരുദ്ധമല്ല. ആറ് പതിറ്റാണ്ട് മുൻപ് പാസാക്കിയ ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതിയാണിത്. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ് നിയമസഭ ബിൽ പാസാക്കിയത്. ഇടുക്കി പോലെ ഏതെങ്കിലും മേഖലകൾക്ക് വേണ്ടിയുള്ള നിയമമല്ല, കേരളം മുഴുവൻ ബാധകമാവുന്നതാണ് ഭേദഗതി. നിയമസഭ ചർച്ച ചെയ്ത് പാസാക്കിയ ബില്ലിൽ ഒപ്പുവയ്ക്കണമെന്ന് ഗവർണറോട് ചീഫ്സെക്രട്ടറി അഭ്യർത്ഥിച്ചിട്ടുണ്ട്.
മൂന്നാറിലും മലയോര മേഖലകളിലുമുള്ള അനധികൃത നിർമ്മാണങ്ങളിലേറെയും വാണിജ്യ സ്ഥാപനങ്ങളാണെന്നും വൻകിട നിർമ്മാണങ്ങളും പാർട്ടി ഓഫീസുകളും സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് നിയമഭേദഗതിയെന്നുമാണ് ഗവർണർക്ക് പരാതി കിട്ടിയത്. പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾക്ക് സുപ്രീം കോടതിയടക്കം ശരിവച്ച നിയന്ത്രണങ്ങൾ മറികടക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടി. മൂന്നാറിലെ 8 വില്ലേജുകളിൽ 226 അനധികൃത നിർമ്മാണങ്ങൾ ജില്ലാ ഭരണകൂടം കണ്ടെത്തി ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി ദേവികുളം താലൂക്കിലെ പട്ടയ ഭൂമിയിലാണ് അതിലേറെയും.
ശാന്തൻപാറ, ഉടുമ്പൻചോല, ബൈസൻവാലി എന്നിവിടങ്ങളിലെ സി.പി.എം ഓഫീസ് നിർമ്മാണം ഹൈക്കോടതി തടഞ്ഞിരുന്നു. ഈ ക്രമക്കേടുകളും ബില്ലിലൂടെ സാധൂകരിക്കപ്പെടും. പട്ടയ ഭൂമിയിലെ ക്വാറികൾ, റിസോർട്ടുകൾ എന്നിവയെക്കുറിച്ച് വ്യക്തതയില്ലെന്നും ഗവർണർ വിലയിരുത്തിയിരുന്നു. എന്നാൽ ചീഫ്സെക്രട്ടറിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സാധാരണക്കാരായ ജനങ്ങളുടെ താത്പര്യം കൂടി പരിഗണിച്ചാണ് ബില്ലിൽ ഒപ്പുവയ്ക്കാൻ ഗവർണർ തീരുമാനിച്ചത്. കഴിഞ്ഞ സെപ്തംബറിൽ നിയമസഭ പാസാക്കിയ ബില്ലാണിത്. ബിൽ നിയമമാവുന്നതോടെ ഇടുക്കിയിലേതടക്കം മലയോര മേഖലകളിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് സർക്കാർ കരുതുന്നു.