കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കൽ വഞ്ചാങ്കൽ വീട്ടിൽ കയ്യാമ എന്ന ആഷിദ് യൂസഫ് (24) ആണ് അറസ്റ്റിലായത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അബ്ദുൽ റഫീഖിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒമ്പതാം തിയതി വൈകുന്നേരം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വെച്ചാണ് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഇവർ ആക്രമിച്ചത്.
ബസ് മുന്നോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകാരുമായി വാക്കുതർക്കം ഉണ്ടാവുകയും ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ആഷിദ് യൂസഫും അബ്ദുൽ റഫീഖും ചേർന്ന് ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. അബ്ദുൽ റഫീഖിനെ പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.