മനാമ: ഏദന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ കപ്പലിന് നേരെ വീണ്ടും ഹൂതി മിലിഷ്യ ആക്രമണം. ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യം തെറ്റി കടലില്‍ പതിച്ചെന്നും കപ്പലിന് തകരാറോ ജീവനക്കാര്‍ക്ക് പരിക്കോ ഇല്ലെന്നും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
വെള്ളിയാഴ്‌ച ചെം റേഞ്ചര്‍ എന്ന അമേരിക്കന്‍ കപ്പലിന് നേരെ തങ്ങളുടെ നാവിക സേന ആക്രമണം നടത്തിയെന്നും മിസൈല്‍ കപ്പലില്‍ പതിച്ചുവെന്നും ഹൂതികള്‍ സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്‌ത പ്രസ്‌താവനയില്‍ പറഞ്ഞു. യുഎസ് ഉടമസ്ഥതയിലുള്ള മാര്‍ഷല്‍ ദ്വീപ് പതാക വഹിക്കുന്ന എംവി ചെം റേഞ്ചര്‍ ഗ്രീക്ക് കമ്പനിയാണ് നടത്തുന്നത്.
വ്യാഴം രാത്രി കപ്പലിനെ ലക്ഷ്യമിട്ട് രണ്ട് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയെങ്കിലും ലക്ഷ്യം തെറ്റി കപ്പലിന് സമീപം കടലില്‍ പതിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പറഞ്ഞു.
യെമനില്‍ ഹൂതി മിലിഷ്യ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബുധനാഴ്‌ച അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഒരാഴ്‌ചക്കിടെ യെമനില്‍ അമേരിക്ക നടത്തുന്ന നാലാമത്തെ ആക്രമണമാണിത്.
14 ഓളം കേന്ദ്രങ്ങളില്‍ മിസൈലുകള്‍ പതിച്ചു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്‌ച രാത്രി ഹുതി ആക്രമണം ഉണ്ടായത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് കുവൈത്തിലേക്ക് പോകുന്ന കെമിക്കല്‍ ടാങ്കറാണ് ചെം റേഞ്ചര്‍ എന്ന് സ്‌പെഷ്യലിസ്റ്റ് വെബ്സൈറ്റ് മറൈന്‍ ട്രാഫിക് പറഞ്ഞു.