മലയാള ചിത്രങ്ങള്‍ക്കൊപ്പം തന്നെ കേരളത്തിലെ പ്രേക്ഷകര്‍ അന്യഭാഷ ചിത്രങ്ങളും സ്വീകരിക്കാറുണ്ട്. പ്രമുഖ തമിഴ് സിനിമകള്‍ക്ക് എല്ലാം തന്നെ വലിയ റിലീസാണ് കേരളത്തില്‍ ലഭിക്കാറ്. അതിനൊത്ത കളക്ഷനും ഇവിടെ ഉണ്ടാക്കാറുണ്ട്. അതിനാല്‍ തന്നെ അന്യഭാഷ ചിത്രങ്ങള്‍ പ്രത്യേകിച്ച് തമിഴ് തെലുങ്ക് ചിത്രങ്ങള്‍ കേരളത്തെ ഒരു പ്രധാനപ്പെട്ട മാര്‍ക്കറ്റായി കരുതുന്നു. കേരളത്തിലെ കളക്ഷന്‍ വലിയതോതില്‍ അവര്‍ കണക്കിലെടുക്കാറുണ്ട്.
ഇത്തരത്തില്‍ 2024ലെ കേരള ബോക്സോഫീസിലെ ആദ്യ അന്യഭാഷ ഹിറ്റായി മാറിയിരിക്കുകയാണ് ക്യാപ്റ്റന്‍ മില്ലര്‍. ജനുവരി 12ന് റിലീസായ ചിത്രം ഇതിനകം കേരളത്തില്‍ നിന്നും നാലുകോടി കളക്ഷന്‍ നേടിയിട്ടുണ്ട്. ആദ്യ രണ്ട് ദിനത്തില്‍ ക്യാപ്റ്റന്‍ മില്ലര്‍ കേരളത്തില്‍ നിന്നും 2 കോടി നേടി മികച്ച തുടക്കം നേടിയിരുന്നു. ഒരു ധനുഷ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന മികച്ച ഓപ്പണിംഗാണ് ക്യാപ്റ്റന്‍ മില്ലര്‍ നേടിയത്. 
ചിത്രം ഇതുവരെയുള്ള ഷോകളുടെ എണ്ണം നോക്കിയാല്‍ 5-6 കോടിക്ക് അടുത്ത് കേരള ബോക്സോഫീസില്‍ നിന്നും നേടുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു ധനുഷ് ചിത്രത്തിന് കേരളത്തില്‍ കിട്ടുന്ന മികച്ച തീയറ്റര്‍ കളക്ഷനാണ്. ചിത്രം ഇതിനകം ആഗോളതലത്തില്‍ 81.20 കോടി നേടിയെന്നാണ് വിവരം. ചിത്രത്തിന്‍റെ തെലുങ്ക് റിലീസ് ജനുവരി 25നാണ്. ഇപ്പോള്‍ തമിഴ്, കന്നട, ഹിന്ദി ഭാഷകളില്‍ ചിത്രം ഇറങ്ങിയിട്ടുണ്ട്. 
ശിവകാര്‍ത്തികേയന്‍റെ അയലന് ഒപ്പം റിലീസ് ചെയ്ത ക്യാപ്റ്റന്‍ മില്ലര്‍ തമിഴകത്ത് പൊങ്കല്‍ ദിനത്തില്‍ അടക്കം മേല്‍ക്കൈ നേടിയിരുന്നു. ആദ്യഘട്ടത്തിലെ കണക്കുകള്‍ പ്രകാരം ആദ്യ ദിന കളക്ഷനില്‍ ക്യാപ്റ്റന്‍ മില്ലറാണ് മുന്നില്‍ എത്തിയിരുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം ധനുഷ് ചിത്രം 14 മുതല്‍ 17 കോടിവരെ തമിഴ്നാട്ടില്‍ കളക്ഷന്‍‍ നേടി. അതേ സമയം ഏലിയന്‍ ക്യാരക്ടറിന് നായകനോളം പ്രധാന്യം കൊടുത്ത ശിവകാര്‍ത്തികേയന്‍ ചിത്രം അയലന് ആദ്യദിനം ലഭിച്ച കളക്ഷന്‍ 10 കോടി മുതല്‍ 13 കോടിവരെയാണ് എന്നാണ് ആദ്യ കണക്കുകള്‍ പറയുന്നത്. 
ക്യാപ്റ്റന്‍ മില്ലറിന്‍റെ സംവിധാനം അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായിക പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *