മോശമായ ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിന്  കാരണമാകുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവയും കൊളസ്‌ട്രോള്‍ കൂടാനുള്ള കാരണമാണ്. ചീത്ത കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കൊളസ്ട്രോള്‍ അധികരിച്ചാല്‍ ശരീരം തന്നെ അതിന്‍റെ സൂചനകള്‍ കാണിക്കാം.. കണ്‍പോളകള്‍ക്ക് മുകളിലോ താഴെയോ, അല്ലെങ്കില്‍ കണ്‍കോണുകളിലോ ആയി മഞ്ഞ- ഇളം ഓറഞ്ച് നിറത്തില്‍ ദ്രാവകം നിറഞ്ഞത് പോലുള്ള ചെറിയ കുമിളകള്‍ കാണുന്നത് കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ഒരു ലക്ഷണമാണ്. ഈ കുമിളകള്‍ തൊട്ടാല്‍ പൊട്ടുന്നതോ, വേദനയുള്ളതോ ആയിരിക്കില്ല. അതുപോലെ തന്നെ കണ്ണിനുള്ളിലെ കോര്‍ണിയയ്ക്ക് ചുറ്റുമായി നേരിയ വെളുത്ത നിറത്തിലൊരു ആവരണം കാണുന്നതും കൊളസ്ട്രോള്‍ വളരെയധികം കൂടി എന്നതിന്‍റെ തെളിവാണ്. 
മുഖചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ഇതിന് പിന്നാലെ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയും കൊളസ്ട്രോള്‍ കൂടുതലാകുന്നതിന്‍റെ സൂചനയാകാറുണ്ട്. വായ്ക്കകത്തും ഇതുപോലെ ചൊറിച്ചിലും പാടുകളും വരാം. ഇക്കാര്യവും ശ്രദ്ധിക്കണം. 
നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു സ്കിൻ രോഗമാണ് സോറിയാസിസ്. ചര്‍മ്മം പാളികള്‍ പോലെ മേല്‍ക്കുമേല്‍ അട്ടിയായി വരികയും ചൊറിച്ചിലും നിറവ്യത്യാസവും വരികയുമെല്ലാം ചെയ്യുന്നൊരു രോഗാവസ്ഥയാണ് സോറിയാസിസ്. കൊളസ്ട്രോള്‍ കൂടുമ്പോഴും സോറിയാസിസിന് സാധ്യതയുണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് മുഖത്ത് സോറിയാസിസ് ലക്ഷണങ്ങള്‍ കാണുന്നപക്ഷം തീര്‍ച്ചയായും വൈകിക്കാതെ പരിശോധനകള്‍ നടത്തണം. 
ഇത്രയെല്ലാമാണ് മുഖത്ത് പ്രകടമാകുന്ന, ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങള്‍. ഇതിന് പുറമെ ബിപി കൂടല്‍, അസാധാരണമായ തളര്‍ച്ച, തലകറക്കം, സംസാരിക്കാൻ പ്രയാസം, നെഞ്ചുവേദന, മരവിപ്പ്, ശ്വാസടസം, ശരീരം പെട്ടെന്ന് തണുത്തുപോകല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷവും ഉടൻ ആശുപത്രിയിലെത്തണം.

By admin

Leave a Reply

Your email address will not be published. Required fields are marked *