തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലേ എസ്എഫ്ഐ മൂന്നാം വർഷ വിദ്യാർഥികൾ തമ്മിൽ നടന്ന ഗ്യാങ് സംഘർഷങ്ങളിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള എസ്എഫ്ഐയുടെയും മാധ്യമങ്ങളുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് അംജദ് റഹ്മാൻ പറഞ്ഞു.ഫ്രറ്റേണിറ്റി പ്രവർത്തകൻ താമസിക്കുന്ന താമസ സ്ഥലത്തടക്കം കയറി മർദിച്ച എസ്എഫ്ഐ നേതാക്കളെ ഉൾപ്പെടെ വധ ശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ കൂടിയാണ് എസ് എഫ് ഐ നടത്തുന്ന വ്യാജ പ്രചാരണം.കഴിഞ്ഞ ദിവസം കോളേജിലെ അധ്യാപകനെ ഫ്രറ്റേണിറ്റി മർദിച്ചു എന്ന പ്രചാരണം കൂടി എസ് എഫ് യും വിദ്യാർത്ഥി യൂണിയനും നടത്തിയിരുന്നു.
ആരോപണം കള്ളമെന്ന് തെളിഞ്ഞപ്പോഴാണ് ഫ്രറ്റേണിറ്റിക്കെതിരെ മറ്റൊരു വ്യാജ ആരോപണവുമായി എസ് എഫ് ഐ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.മറ്റു സംഘടനകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുക എന്നതാണ് എസ്എഫ്ഐയുടെ മുഖ്യപ്രവർത്തനം. മറ്റു സംഘടനകൾക്ക് സംഘപരിവാർ ഫാഷിസത്തിനെതിരെ നോട്ടീസ് വിതരണം ചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം എസ്എഫ്ഐ വച്ച് പൊറുപ്പിക്കാറില്ല. വർഷങ്ങൾക്ക് മുൻപ് രോഹിത് വെമുല വിഷയത്തിൽ പ്രതികരിച്ച മഹാരാജാസിലെ ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്എഫ്ഐ മർദ്ദിച്ചിരുന്നു.
ഭീകരമുദ്ര ചാർത്തി അപ്പുറത്ത് നിർത്താൻ ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുക്കുന്ന എസ്.എഫ്.ഐ രീതി പുതിയതല്ല. എതിർശബ്ദമുയർത്തുന്നവരെ ചാപ്പ കുത്തി നിശബ്ദരാക്കുന്ന രീതിയാണത്. അതാണ് ഫാസിസവും ചെയ്യുന്നത്. കാമ്പസ് ഫാസിസത്തിൻ്റെ നിറം ചുവപ്പാണെന്ന് ചുമ്മാ പറയുന്നതല്ലെന്ന് ഈ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതരക്കാരെ നിരീക്ഷിച്ചാൽ എളുപ്പത്തിൽ ബോധ്യമാവും.രാജ്യതലസ്ഥാനത്ത് ഫ്രറ്റേണിറ്റിയും എസ്.എഫ്.ഐയും അടക്കമുള്ള വിവിധ വിദ്യാർത്ഥി സംഘടനകൾ സംഘ്പരിവാർ ഫാഷിസത്തിനെതിരിൽ ഒരുമിച്ച് സമരങ്ങൾ നയിക്കുമ്പോഴാണ് കേരളത്തിൽ തങ്ങൾക്ക് ആധിപത്യമുള്ള ഇടങ്ങളിൽ എസ്.എഫ്.ഐ ഇതര വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ആക്രമിച്ച് നിശബ്ദരാക്കാൻ ശ്രമിക്കുന്നത്.
ഇത് ആ സംഘടനയുടെ ജനാധിപത്യ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നുണ്ട്.വ്യാജ പ്രചരണങ്ങളുടെയും തെരഞ്ഞെടുപ്പ് തോൽവിയുടെയും പേരിൽ തുടരുന്ന അക്രമണങ്ങൾ അവസാനിപ്പിച്ച് ക്യാമ്പസിന്റെ സമാധാനന്തരീക്ഷത്തെ നിലനിർത്താൻ എല്ലാ വിദ്യാർത്ഥികളും തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ അംജദ് റഹ്മാൻ വാർത്താക്കുറുപ്പിൽ അറിയിച്ചു.