തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിടാതെ പിന്തുടരുകയാണ് കേരളാ പോലീസ്. ഏതെങ്കിലും തരത്തിൽ ജാമ്യം കിട്ടുന്നത് തടയാനാണ് കടുത്ത നടപടികളുമായി പോലീസ് അദ്ദേഹത്തെ വിടാതെ പിന്തുടരുന്നത്.

സെക്രട്ടേറിയറ്റ് അക്രമകേസുമായി ബന്ധപ്പെട്ടുള്ള രാഹുലിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കേ പുറത്തിറങ്ങാതിരിക്കാന്‍ മൂന്നു കേസുകളില്‍ കൂടി പോലീസ് ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇതില്‍ രണ്ടു കേസുകളില്‍ ഇന്നലെ തന്നെ ജാമ്യം ലഭിച്ചത് രാഹുലിന് ആശ്വാസമായി. നിലവിലുള്ള മറ്റു രണ്ടു കേസികളിലെ ജാമ്യ ഹര്‍ജി നാളെ കോടതികള്‍ പരിഗണിക്കും.

രണ്ടു മാസം മുന്‍പു നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട രണ്ടു പുതിയ കേസുകളിലും കോടതി ജാമ്യം അനുവദിച്ചു.
സംസ്ഥാന പോലീസ് മേധാവിയുടെ ഓഫിസിലേക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഈ കേസിന്റെ ജാമ്യഹര്‍ജി നാളെ ചീഫ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. 

സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടു പോലീസുകാരെ ആക്രമിക്കുകയും ബാരിക്കേഡ് മറിച്ചിടുകയും 50,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലാണ് രാഹുലിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അയച്ചത്.

ഈ കേസില്‍ ഇന്നു ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുലിന് ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നു റിമാന്‍ഡ് ചെയ്യുകയായിരുന്നു. 
ഡിസംബര്‍ 20നു നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കഴിഞ്ഞ ജനുവരി ഒന്‍പതിന് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ 22 വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ഈ കേസിന്റെ ജാമ്യാപേക്ഷ 17ന് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണു പുറത്തിറങ്ങാതിരിക്കാന്‍ മൂന്നു കേസികളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. 
അതേ സമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപക പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. വിവിധ ജില്ലകളില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. നാളെ സെക്രട്ടേറിയറ്റിലേക്ക് നൈറ്റ് മാര്‍ച്ച് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ജാമ്യം ലഭിക്കുന്നതുവരെ സമരം തുടരാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. എന്തായാലും ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് യൂത്ത് കോൺഗ്രസിന്റെ സമരവീര്യം ഉണരുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്.

നാടകീയമായ അറസ്റ്റിലൂടെ രാഹൂൽ മാങ്കൂട്ടത്തിലിനെ വലിയ നേതാവായി മാറ്റാൻ പോലീസ് വഴിയൊരുക്കുകയാണെന്ന ആക്ഷേപം ഇടതുകേന്ദ്രങ്ങളിൽ സജീവമായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *