ജിദ്ദ: ഫലസ്തീനിലെ ഗസ്സയിൽ ഉടൻ പ്രാബല്യത്തോടെയുള്ള വെടിനിർത്തൽ ആഹ്വാനം മുഴക്കി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
അതോടൊപ്പം, ഇതാദ്യമായി ഹമാസുമായുള്ള യുദ്ധത്തിൽ തെക്കൻ ഗാസാ മുനമ്പിലെ കടുത്ത നീക്കങ്ങൾ അവസാനിക്കാറായെന്ന സൂചന ഇസ്രായേൽ നൽകുകയാണ്. നൂറു ദിവസം പിന്നിട്ട അവിരാമമായ ഇസ്രായേൽ നരനായാട്ടിൽ മരണസംഖ്യ 24,000 കവിഞ്ഞു.
തങ്ങളെ തടുക്കാൻ ആർക്കും ആകില്ലെന്ന പ്രഖ്യാപനം തലേനാളും ഇസ്രായേൽ പ്രധാനമന്ത്രി മുഴക്കിയിരുന്നു. അതോടപ്പമാണ് വെടിനിർത്തലിനുള്ള ഇസ്രയേലിന്റെ അപ്രഖ്യാപിത നീക്കം സംബന്ധിച്ച റിപ്പോർട്ടുകൾ.
ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ അക്രമാസക്തമായ ബോംബാക്രമണം അവിടെ ഹമാസ് തടവിൽ കഴിയുന്ന രണ്ട് ഇസ്രായേൽ ബന്ദികളുടെ മരണത്തിൽ കലാശിച്ചതായി ഹമാസ് പ്രഖ്യാപിസിച്ചിരുന്നു. ഇത് ഇസ്രായേലിൽ വലിയ ചലനമാണ് ഉണ്ടാക്കുന്നത്.
ബന്ദികളുടെ വിവരം ഉൾപ്പെടുത്തി ഹമാസ് പുറപ്പെടുവിപ്പിക്കുന്ന വിഡിയോകൾ ഇസ്രയേലിന് മാനസികമായി വലിയ ക്ഷതം ആണ് ഉണ്ടാക്കുന്നത്. പുതിയ വീഡിയോയെ “ക്രൂരമായ ചൂഷണം” ആണെന്ന് ഇസ്രായേൽ വിലയിരുത്തി.
ചെങ്കടലിൽ യമനിലെ ഹൂഥി കലാപകാരികളും ലബനാനിലെ ഹിസ്ബുള്ള പടയാളികളും ഇസ്രായേലിന് നേരെ നടത്തുന്ന ആക്രമണങ്ങൾ ഗസ്സയിൽ ഒതുങ്ങിയിരുന്ന യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും എന്ന ആശങ്ക വർധിപ്പിച്ച സാഹചര്യതിൽ കൂടിയാണ് വെടിനിർത്താനുള്ള ഇസ്രയേലിന്റെ ഒളിഞ്ഞ നീക്കം എന്ന് വിലയിരുത്തപ്പെടുന്നു.
അതിനിടെ, ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ഇറാക്കിലെ ആസ്ഥാനത്തേക്ക് ഇറാൻ തന്നെ നേരിട്ട് മിസൈൽ അയക്കുകയും ഉണ്ടായി.
നിയന്ത്രിക്കാനാവാത്ത സ്ഥിതിവിശേഷത്തിലേക്കാണ് മിഡിൽ ഈസ്റ്റ് പോയികൊണ്ടിരിക്കുന്നതെന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭാ മേധാവിയുടെ പുതിയ “ഉടൻ വെടിനിർത്തൽ” ആഹ്വാനം. സാധാരണക്കാരായ പതിനായിരങ്ങളെ കൊന്നൊടുക്കി എന്നതല്ലാതെ രാഷ്ട്രീയമായ ഒരു നേട്ടവും ഇല്ലാതെയാണ് ഇസ്രായേൽ വെടിനിർത്തുകയാണെങ്കിൽ തന്നെ അതിന് നിർബന്ധിതരാവുന്നത്.