ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപിക്കെതിരെ കേസ്. ഉത്തര കന്നടയിൽ നിന്നുളള എംപിയായ അനന്ത് കുമാർ ഹെഗ്ഡെയ്ക്കെതിരെയാണ് കേസ്. ബാബറി മസ്ജിദ് പൊളിച്ചതുപോലെ ഭട്കൽ മസജിദും പൊളിച്ച് കളയണമെന്ന വിവാദ പരാമർശത്തിൽ കുമത പൊലീസ് ബിജെപി എംപിക്കെതിരെ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
അനന്ത് കുമാർ ഹെഗ്ഡെയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിനും ജില്ലയിൽ കലാപമുണ്ടാക്കാനും ശ്രമിച്ചതിനാണ് കേസ് എടുത്തത്. സെക്ഷൻ 153 (എ) ( നിറത്തിന്‍റെയും ജനന സ്ഥലത്തിന്റെയും പേരില്‍ വിവിധ മതവിഭാഗങ്ങൾക്കിടയിലും ഗ്രൂപ്പുകൾക്കിടയിലും ശത്രുത വളർത്തൽ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കാർവാർ എസ് പി വിഷ്ണു വർഷൻ അറിയിച്ചു.
ഉത്തര കന്നടയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു അനന്ത് കുമാർ ഹെഗ്ഡെയുടെ വിവാദ പരാമർശം. 1992 ൽ കർസേവകർ ബാബറി മസ്ജിദ് തകർത്തത് പോലെ ഭട്കൽ മസ്ജിദും തകർക്കണമെന്നായിരുന്നു ഹെഗ്ഡയുടെ പരാമർശം. ഭട്കൽ മസ്ജിദ് തകർക്കുമെന്നത് ബാബറി മസ്ജിദ് തകർത്തത് പോലെ ഉറപ്പാണ്. ഇത് അനന്ത് കുമാർ ഹെഗ്ഡെയുടെ തീരുമാനമല്ല. ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്നും അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞിരുന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും അനന്ത് കുമാർ ഹെഗ്ഡെ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ‘അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ആദ്യം ക്ഷണം ലഭിച്ചില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. പിന്നീട് അദ്ദേഹം അതിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. എനിക്ക് പറയാനുളളത്, അദ്ദേഹം പങ്കെടുത്താലും പങ്കെടുക്കാതിരുന്നാലും അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കും,’ എന്ന് എംപി പറഞ്ഞു.