കോപ്പഹേഗൻ: ഡെന്മാർക്കിന്റെ രാജാവായി ഫ്രെഡറിക് എക്സ് സ്ഥാനമേറ്റു. തന്റെ മാതാവിന്റെ പിൻഗാമിയായാണ് ഫ്രെഡറിക്കിന്റെ സ്ഥാനരോഹണം. പതിനായിരക്കണക്കിന് ആളുകളാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ എത്തിച്ചേർന്നത്.
“ഞാൻ അഭിമാനത്തോടെയും ബഹുമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുത്ത ഒരു ദൗത്യമാണിത്. ഭാവിയിൽ എല്ലാവരെയും ഏകീകരിച്ചു കൊണ്ടുള്ള ഭരണം നയിക്കുക എന്നതാണ് ആഗ്രഹം” – ഫ്രെഡറിക് രാജാവ് ക്രിസ്റ്റ്യൻസ്ബോർഗ് കാസിലിന് പുറത്ത് ആഹ്ലാദഭരിതരായ ജനക്കൂട്ടത്തോട് പറഞ്ഞു.
52 വർഷത്തെ തന്റെ അമ്മയുടെ രാജ്യ ഭരണണം അവസാനിപ്പിച്ചത്തിന് കൃത്യം ഒരു മണിക്കൂർ മുമ്പാണ് അദ്ദേഹം സ്ഥാനമേറ്റത്. സ്ഥാനത്യാഗം ചെയ്ത അമ്മയെ പ്രശംസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനരോഹണം നടന്നത്.
800 വർഷത്തിനിടെ സ്വമേധയാ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ ഡാനിഷ് രാജാവാണ് അവർ. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ക്രിസ്റ്റ്യൻസ്ബോർഗ് കാസിലിന് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടി.
കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ ഫ്രെഡറിക്കിനെ ഡെന്മാർക്കിന്റെയും ഗ്രീൻലാന്റിന്റെയും ഫാറോ ദ്വീപുകളുടെയും രാജാവായി പ്രഖ്യാപിച്ചു.
തന്റെ അമ്മ എപ്പോഴും ഏറ്റവും നല്ല ഒരു ഭരണാധികാരി ആയി ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം ജനങ്ങളോടുള്ള തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു.