ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ചരിത്രത്തിൽ കാണികളുടെ എണ്ണത്തിൽ പുതിയ റെക്കോഡ് സൃഷ്ടിച്ച് ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് 2023. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഖത്തർ -ലബനാൻ മത്സരത്തിലാണ് ഈ റെക്കോർഡ് നേട്ടം.
18ാമത് ഏഷ്യൻ കപ്പിന്റെ ഉദ്ഘാടനം കൂടിയായ മത്സരത്തിന് 82,490 കാണികൾ ഒഴുകിയെത്തിയപ്പോൾ 68 വർഷത്തെ ചരിത്രമുള്ള ടൂർണമെന്റിന്റെ ഉദ്ഘാടന ദിനത്തിൽ ഏറ്റവും ഉയർന്ന കാണികളുടെ പങ്കാളിത്തമായി മത്സരം മാറി.
ഇതോടെ 2004ൽ ചൈന വേദിയായ ഏഷ്യൻ കപ്പിൽ ആതിഥേയരും ബഹ്റൈനും തമ്മിൽ ബെയ്ജിങ്ങിലെ വർകേഴ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനെത്തിയ 40,000 കാണികൾ എന്ന റെക്കോഡാണ് ഖത്തർ മറികടന്നത്.
2019 ഇൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിന് 33,000 കാണികളും 2015 ആസ്ട്രേലിയ ഏഷ്യൻ കപ്പിൽ ഓസീസ്-കുവൈറ്റ് മത്സരത്തിന് 25,000 പേരുമായിരുന്നു കാണികളായി എത്തിയിരുന്നത്.