ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തു നിന്നും ഗിഡുഗു രുദ്ര രാജു രാജിവച്ചതായി വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന വൈ എസ് ശര്‍മിളയെ പുതിയ സംസ്ഥാന അധ്യക്ഷയായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വൃത്തങ്ങള്‍ പറയുന്നു.
ഈ മാസം ആദ്യമാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയായ വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു കൊണ്ടായിരുന്നു ശര്‍മിളയുടെ നീക്കം.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെലങ്കാനയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് ശര്‍മിള വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ വോട്ടുകളുടെ ഭിന്നിപ്പ് മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശര്‍മിള വിസമ്മതിച്ചു.
‘കഴിഞ്ഞ 9 വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും കെ ചന്ദ്രശേഖര്‍ റാവു പാലിച്ചിട്ടില്ല. അതുകൊണ്ട് കെസിആര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വൈഎസ്ആറിന്റെ മകള്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ അവസരത്തെ പിന്തുണയ്ക്കുന്നു. 55-ലധികം മണ്ഡലങ്ങളില്‍ ഞാന്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ നിര്‍ണായകമാകും’, വൈഎസ് ശര്‍മിള കൂട്ടിച്ചേര്‍ത്തു. അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളാണ് ശര്‍മിള.